SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു രീതിയുണ്ട്. അഞ്ചു വിദേശ കളിക്കാരെയും ആദ്യ ഇലവനില്‍ വിന്യസിക്കുക, ബാക്കി ഇന്ത്യന്‍ താരങ്ങളെ വച്ച് അഡ്ജസ്റ്റ് ചെയ്യുക. ഒട്ടുമിക്ക പരിശീലകരും ഈ രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ എടികെയ്‌ക്കെതിരേ നാലു വിദേശികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് ടീമിനെ ഒരുക്കിയത്.

എന്തായിരുന്നു ജെയിംസിന്റെ മനസില്‍? നാലു വിദേശ താരങ്ങളെ മാത്രം കളിപ്പിച്ചതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് അദേഹം. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ജെയിംസ് മനസുതുറന്നത്. ആവുന്നത്ര കളിക്കാരെ നിരത്തുക, ബാക്കി സ്ഥാനങ്ങള്‍ ഇന്ത്യക്കാരെ കൊണ്ട് നിറയ്ക്കുക എന്നതാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ രീതി. അതു മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യക്കാരെന്നോ വിദേശീയരെന്നോ നോക്കേണ്ടതില്ല. ഓരോ മത്സരവും ജയിപ്പിക്കാന്‍ കഴിവുള്ളവരെ നിയോഗിക്കുക- വിജയഫോര്‍മുല വ്യക്തമാക്കുന്നു ജെയിംസ്.

ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കുന്ന രീതിയാണ് രണ്ടാം വരവിന്റെ തുടക്കം മുതല്‍ ജെയിംസ് സ്വീകരിച്ചിരുന്നത്. പരിചയ സമ്പന്നരായ ഗോള്‍കീപ്പര്‍മാരെ വിദേശത്തു നിന്നും കൊണ്ടുവരുന്ന രീതി അവസാനിപ്പിച്ചതും ജെയിംസിന്റെ തീരുമാനമാണ്. ധീരജ് സിംഗിനെ പോലെ കൂടുതല്‍ കൗമാരക്കാര്‍ക്ക് അവസരം നല്കാനുള്ള തീരുമാനം ഭാവിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യുമെന്നുറപ്പാണ്.