SHARE

ഐഎസ്എല്ലിലെ തീപാറും പോരാട്ടമെന്ന് ഏവരും വിശേഷിപ്പിച്ചിരുന്ന മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി സതേണ്‍ ഡെര്‍ബി. എന്നാല്‍ കേരളം കളി മറന്നപ്പോള്‍ സുനില്‍ ഛേത്രിയും കൂട്ടരും വന്‍ജയവുമായി മടങ്ങുകയും ചെയ്തു. ആദ്യ ഇലവനില്‍ അടിമുടി സര്‍പ്രൈസുമായാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. മിന്നും സേവുകളുമായി കളംനിറഞ്ഞിരുന്ന പോള്‍ റച്ചൂബ്കയെ കരയ്ക്കിരുത്തിയ നടപടിയായിരുന്നു അതിലൊന്ന്.

ടീം തന്ത്രത്തിന്റെ ഭാഗമായിട്ട് ആയിരുന്നു റച്ചൂബ്കയെ ആദ്യ ഇലവനില്‍ കളിപ്പിക്കാതിരുന്നതെന്ന് റെനെ മ്യൂളസ്റ്റീന്‍ പറയുന്നു. പരമാവധി വിദേശ താരങ്ങളെ മധ്യനിരയിലും മുന്നേറ്റത്തിലും വിന്യസിച്ച് ബെംഗളൂരുവിനെ സമ്മര്‍ദത്തിലാക്കുക ആയിരുന്നു ഞങ്ങളുടെ പ്ലാന്‍. അതുകൊണ്ട് റച്ചൂബ്കയെ പിന്‍വലിച്ചിപ്പ് മറ്റു വിദേശ താരങ്ങളെ ഇറക്കിയത്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നില്ല- മത്സരശേഷം ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പറയുന്നു.

പരിക്കിന്റെ പിടിയില്‍ നിന്നും കളത്തിലേക്ക് വന്ന ഇയാന്‍ ഹ്യൂമിന് പഴയ ഫോമിലേക്ക് തിരിച്ചെത്താനായില്ല. ഇടയ്ക്ക് അപകടകരമായ ടാക്ലിംഗിന് വിധേയനാകേണ്ടി വന്നത് മാര്‍ക് സിഫ്‌നോസിനെയും ബാധിച്ചു. സി.കെ. വിനീതിന് പരിക്കേറ്റത് ശനിയാഴ്ച്ച വൈകുന്നേരം നടത്തിയ പരിശീലനത്തിനിടെയാണെന്ന സൂചനയും കോച്ച് നല്കി. പരിക്ക് ഭേദമായെങ്കിലും ഇനിയും ഏറെ മത്സരങ്ങള്‍ ഉള്ളതിനാലാണ് ബെര്‍ബറ്റോവിനെ കളിപ്പിക്കാതിരുന്നത്.