SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണിലെ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്ന് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരം ടിം കാഹിലിന്റെ വരവാണ്. ജെംഷഡ്പൂര്‍ എഫ്‌സിയാണ് ഇതിഹാസ താരത്തെ ഇന്ത്യയിലെത്തിച്ചത്. പ്രായം 39ലേക്ക് കടക്കുന്ന താരത്തെ എന്തിനാണ് ടീമിലെത്തിച്ചത്? ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട് ടീം മാനേജ്‌മെന്റിന്.

കഴിഞ്ഞ തവണ ഗോളടിയില്‍ ജെംഷഡ്പൂര്‍ വളരെ പിന്നിലായിരുന്നു. ലക്ഷണമൊത്ത ഒരു സ്‌ട്രൈക്കറുടെ അഭാവം അവരുടെ മുന്നേറ്റത്തെ ബാധിച്ചു. ഇത്തവണ അതിനൊരു പരിഹാരമാണ് കാഹിലിന്റെ വരവിലൂടെ ഉദേശിക്കുന്നതെന്ന് പരിശീലക സംഘത്തിലുള്ള ഇഷ്ഫാക് അഹമ്മദ് പറയുന്നു. മറ്റൊരു പ്രധാന ലക്ഷ്യം ജെംഷഡ്പൂരിനെ വലിയൊരു ബ്രാന്‍ഡാക്കി വളര്‍ത്തുകയെന്നതാണ്.

ലോകോത്തര താരത്തെ ടീമിലെത്തിക്കുന്നതോടെ സമൂഹമാധ്യമങ്ങളിലും ലോക ഫുട്‌ബോളില്‍ തന്നെ ടീമിന് ശ്രദ്ധ ലഭിക്കും. ഏതു ടീമിനും സ്റ്റാര്‍ താരങ്ങളുണ്ടെങ്കിലേ വാണിജ്യപരമായി വളരാന്‍ സാധിക്കൂ. കാഹിലിന്റെ വരവോടെ കൂടുതല്‍ പേര്‍ ജെംഷഡ്പൂരിനെപ്പറ്റി സംസാരിക്കുന്നു- അഹമ്മദ് പറയുന്നു.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി തുടര്‍ച്ചയായി നാല് ലോകകപ്പുകളില്‍ ബൂട്ട് കെട്ടിയ കാഹില്‍ റഷ്യന്‍ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2004 ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം, 107 മത്സരങ്ങളില്‍ 50 ഗോളുകളും നേടിയിട്ടുണ്ട്. 2004ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ എവര്‍ട്ടണിലെത്തിയ കാഹില്‍, 2012 വരെ അവര്‍ക്കായി കളിച്ചു.

200ലധികം മത്സരങ്ങളില്‍ എവര്‍ട്ടണ്‍ ജേഴ്‌സിയണിഞ്ഞ താരം അന്‍പതിലധികം ഗോളുകളാണ് അവര്‍ക്കായി അടിച്ച് കൂട്ടിയത്. എവര്‍ട്ടണ്‍ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ് ഈ മുപ്പത്തിയെട്ടുകാരന്‍. എവര്‍ട്ടണ്‍ വിട്ടതിന് ശേഷം അമേരിക്കയിലും ചൈനയിലും കളിച്ച താരം കഴിഞ്ഞ സീസണില്‍ തന്റെ ആദ്യ ക്ലബ്ബായ മില്‍ വാള്‍ എഫ്‌സിയിലേക്ക് മടങ്ങിയെത്തിയിരുന്നു.