SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബെന്‍ക്രോഫ്റ്റ് സംഭവത്തില്‍ തന്റെ ഭാഗം വിശദീകരിച്ചു. മത്സരത്തിനിടെ താന്‍ പന്തില്‍ ചെറിയ മാറ്റം വരുത്താന്‍ ശ്രമിച്ചെന്ന പരാതിയെ പൂര്‍ണമായും തള്ളിയില്ലെങ്കിലും സ്വയം ന്യായീകരിക്കാനാണ് ബെന്‍ക്രോഫ്റ്റ് കളിയുടെ മൂന്നാംദിവസത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ ശ്രമിച്ചത്.

ശനിയാഴ്ച്ച ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. ടിവി ക്യാമറകള്‍ താരം മഞ്ഞ നിറത്തിലുള്ള വസ്തു കൊണ്ട് പന്തില്‍ ഉരയ്ക്കുന്നത് എടുത്തു കാട്ടുകയായിരുന്നു. ആ വസ്തു താരം തന്റെ പോക്കറ്റില്‍ ഇടുകയും ചെയ്തു. പിന്നീട് ക്യാമറകള്‍ ഇക്കാര്യം എടുത്തു കാട്ടിയെന്ന് മനസിലാക്കിയ ബെന്‍ക്രോഫ്റ്റ് പോക്കറ്റില്‍ നിന്ന് ഈ വസ്തു എടുത്ത് പാന്റിനുള്ളിലേക്കിട്ടു. ഇതോടെ അംപയര്‍മാര്‍ താരത്തെ വിളിക്കുകയും പരിശോധിക്കുകയും ചെയ്തു. എന്നാല്‍ പന്ത് മാറ്റിയില്ലെന്നും താന്‍ കാര്യമായൊന്നും പന്തില്‍ ചെയ്തില്ലെന്നുമാണ് ബെന്‍ക്രോഫ്റ്റ് പറയുന്നത്.

ടിവി ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യം

ബെന്‍ക്രോഫ്റ്റിന്റെ പ്രവൃത്തിയെ എതിര്‍ത്തും അനുകൂലിച്ചും ഇരുടീമുകളുടെയും മുന്‍കാല താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. തീരെ തരംതാണ പ്രവൃത്തിയാണ് ഓസീസ് ടീമില്‍ നിന്നും ഉണ്ടായതെന്നാണ് ഗ്രെയിം സ്മിത്തിന്റെ പ്രതികരണം. ഷോണ്‍ പൊള്ളോക്കും ഹെര്‍ഷലെ ഗിബ്‌സും അടക്കമുള്ളവര്‍ ബെന്‍ക്രോഫ്റ്റിനെതിരേ രംഗത്തെത്തി. അതിനിടെ സംഭവത്തില്‍ ഐസിസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.