SHARE

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 111 റൺസിന് പുറത്തായി. 58 റൺസ് വഴങ്ങി 7 വിക്കറ്റെടുത്ത മെഹിദി ഹസന്റെ ബോളിംഗാണ് വിൻഡീസിനെ വൻ നാണക്കേടിലേക്ക് നയിച്ചത്. നേരത്തെ ബംഗ്ലാദേശ് അവരുടെ ആദ്യ ഇന്നിംഗ്സിൽ 508 റൺസ് നേടിയിരുന്നു. 397 റൺസിന്റെ ഒന്നാമിന്നിംഗ്സ് കടവുമായി നിലവിൽ ഫോളോ ഓൺ നേരിടുകയാണ് വിൻഡീസ്.

75/5 എന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ വിൻഡീസ് ആദ്യ സെഷനിൽത്തന്നെ ചീട്ടുകൊട്ടാരം കണക്കെ തകർന്ന് വീഴുകയായിരുന്നു. 39 റൺസെടുത്ത ഷിംറോൺ ഹിറ്റ്മെയറാണ് ആദ്യം വീണത്. പിന്നാലെ 37 റൺസുമായി ഷെയിൻ ഡൗറിച്ചും പുറത്തായി. ബാക്കിയെല്ലാം ചടങ്ങ് മാത്രമായിരുന്നു. അവസാനം 111 ൽ പത്താം വിക്കറ്റും നഷ്ടമായതോടെ ബംഗ്ലാദേശ് വിൻഡീസിനെ ഫോളോ ഓണിനയച്ചു.

എന്നാൽ ഫോളോ ഓൺ ചെയ്ത് രണ്ടാമിന്നിംഗ്സിനിറങ്ങിയപ്പോളും ബംഗ്ലാദേശ് ബാറ്റിംഗ് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. 14 റൺസെത്തിയപ്പോളേക്ക് അവരുടെ രണ്ട് ഓപ്പണർമാരുടെയും വിക്കറ്റുകൾ വീണു കഴിഞ്ഞു. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 19/2 എന്ന നിലയിലാണ് വിൻഡീസ്.