SHARE

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിന് 381 റൺസിന്റെ പടുകൂറ്റൻ ജയം‌. ബാർബഡോസിൽ നടന്ന മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 628 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാമിന്നിംഗ്സിൽ വെറും 246 റൺസിന് പുറത്താവുകയായിരുന്നു. 60 റൺസ് വഴങ്ങി 8 വിക്കറ്റെടുത്ത റോസ്റ്റൺ ചേസാണ് ഇംഗ്ലീഷ് പടയെ നാണം കെടുത്തിയത്. രണ്ടാമിന്നിംഗ്സിൽ സെഞ്ചുറി നേടിയ വിൻഡീസ് നായകൻ ജേസൺ ഹോൾഡറാണ് കളിയിലെ കേമൻ. സ്കോർ : വെസ്റ്റിൻഡീസ് – 289, 415/6 ഡിക്ലയേഡ്, ഇംഗ്ലണ്ട് : 77, 246.

120/6 എന്ന നിലയിൽ രണ്ടാമിന്നിംഗ്സിൽ തകർന്ന വെസ്റ്റിൻഡീസിനെ ഇരട്ട സെഞ്ചുറി നേടി പുറത്താകാതെ നിന്ന ജേസൺ ഹോൾഡറും (202*), ഷെയിൻ ഡൗറിച്ചും (116*) ചേർന്നാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. ഇരുവരുടേയും പോരാട്ടമികവിൽ വിൻഡീസ് ഇംഗ്ലണ്ടിന് നൽകിയത് 628 റൺസ് വിജയ ലക്ഷ്യം.

പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർ റോറി ബേൺസ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. 84 റൺസെടുത്ത ബേൺസ് തന്നെയാണ്അവരുടെ ടോപ്‌സ്കോററും. വലം കൈയ്യൻ ഓഫ് സ്പിൻ ബോളിംഗിലൂടെ റോസ്റ്റൺ ചേസ് ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. 21.4 ഓവറുകളെറിഞ്ഞ ചേസ്, 60 റൺസ് വിട്ടു കൊടുത്ത് എട്ട് വിക്കറ്റുകൾ നേടിയപ്പോൾ ഇംഗ്ലണ്ട് ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങുകയായിരുന്നു.