SHARE

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന വിൻഡീസ് പതറുന്നു. മത്സരത്തിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 132/5 എന്ന നിലയിലാണ് വിൻഡീസ്. 60 റൺസോടെ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ ഷെയിൻ ഡൗറിച്ചും, 33 റൺസോടെ നായകൻ ജേസൺ ഹോൾഡറുമാണ് ക്രീസിലുള്ളത്. മഴ വില്ലനായെത്തിയതിനാൽ മത്സരത്തിന്റെ ആദ്യ ദിനം 46.3 ഓവറുകൾ മാത്രമാണ് കളി നടന്നത്.

ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വൻ ബാറ്റിംഗ് തകർച്ച യായിരുന്നു തുടക്കത്തിൽത്തന്നെ വിൻഡീസ് താരങ്ങളെ കാത്തിരുന്നത്. രണ്ട് റൺസ് വീതമെടുത്ത് ഓപ്പണർമാരായ ക്രെയിഗ് ബ്രാത്ത് വൈറ്റും, ഡെവൺ സ്മിത്തും പവലിയനിൽ തിരിച്ചെത്തുമ്പോൾ വിൻഡീസ് സ്കോർ 8 റൺസ് മാത്രം.

ലങ്കൻ ബോളർമാർ കൂടുതൽ മികവോടെ പന്തെറിഞ്ഞതോടെ 53/5 എന്ന നിലയിലേക്ക് വിൻഡീസ് കൂപ്പുകുത്തി. പിന്നീട് ഒത്തുചേർന്ന ഡൗറിച്ചും, ഹോൾഡറും ചേർന്നാണ് അവരെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ശ്രീലങ്കയ്ക്കായി നായകൻ സുരംഗ ലക്മൽ, കസൻ രജിത എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.