SHARE

ശ്രീലങ്കയും വെസ്റ്റിൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. മത്സരത്തിൽ വെസ്റ്റിൻഡീസ് വെച്ച് നീട്ടിയ 453 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന ശ്രീലങ്ക നാലാം ദിനം കളി അവസാനിക്കുമ്പോൾ 176/3 എന്ന നിലയിലാണ്. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ശ്രീലങ്കയ്ക്ക് ജയിക്കാൻ 277 റൺസും, വിൻഡീസിന് ജയിക്കാൻ 7 വിക്കറ്റുകളുമാണ് വേണ്ടത്.

നേരത്തെ 131/4 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിൻഡീസ്, 223/7 എന്ന നിലയിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 88 റൺസെടുത്ത കീറൺ പവലാണ് അവരുടെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്ക് വേണ്ടി ലാഹിരു കുമാര മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

453 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് തുടക്കത്തിൽത്തന്നെ 12 റൺസെടുത്ത കുശാൽ പെരേരയെ നഷ്ടമായെങ്കിലും കുശാൽ മെൻഡിസും, ഏഞ്ചലോ മാത്യൂസും ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു‌. നാലാം ദിനം കളി അവസാനിക്കുമ്പോൾ 94 റൺസോടെ ഓപ്പണർ കുശാൽ മെൻഡിസും, റണ്ണൊന്നുമെടുക്കാതെ ലാഹിരു ഗാമേജുമാണ് ക്രീസിലുള്ളത്.