SHARE

വലം കൈയ്യൻ മീഡിയ പേസ് ബൗളർ ഡിയാണ്ട്ര ഡോട്ടിൻ അഞ്ച് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം കൊയ്തപ്പോൾ ലോക വനിതാ ടി20 യിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് വിജയത്തുടക്കം. ബംഗ്ലാദേശിനെ 46 റൺസിനാണ് തങ്ങളുടെ ആദ്യ പോരാട്ടത്തിൽ വിൻഡീസ് മറികടന്നത്‌ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് വനിതകൾ ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ടീം ഡോട്ടിന് മുന്നിൽ മത്സരം അടിയറവ് വെക്കുകയായിരുന്നു. സ്കോർ : വെസ്റ്റിൻഡീസ് – 106/8 (20 ഓവർ), ബംഗ്ലാദേശ് – 46/10 (14.4 ഓവർ).

മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെക്കും വിധമാണ് ബംഗ്ലാദേശ് താരങ്ങൾ പന്തെറിഞ്ഞത്. 32 റൺസെടുത്ത കൈസിയ നൈറ്റ് ടോപ് സ്കോററായ വിൻഡീസ് ബാറ്റിംഗ് നിര നിശ്ചിത 20 ഓവറിൽ നേടിയത് 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ്.

എന്നാൽ ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. ഒരാൾ പോലും ടീമിൽ രണ്ടക്കം കണ്ടില്ല. 8 റൺസെടുത്ത ഫർഹാന ഹഖാണ് അവരുടെ ടോപ്‌സ്കോറർ. ഡിയാണ്ട്ര ഡോട്ടിനായിരുന്നു വിൻഡീസ് ബോളർമാരിൽ ഏറ്റവും അപകടകാരി. മത്സരത്തിൽ 3.4 ഓവറുകളിൽ 5 റൺസ് മാത്രം വിട്ടു കൊടുത്ത് താരം വീഴ്ത്തിയ 5 വിക്കറ്റുകളാണ് ബംഗ്ലാദേശിനെ വമ്പൻ നാണക്കേടിലേക്ക് തള്ളിയിട്ടത്.