SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് അഞ്ചാം സീസൺ അവസാനിക്കാൻ ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രമാണ്. ബെം​ഗളുരുവും ​ഗോവയും ഇതിനകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയുമാണ് മൂന്ന് നാല് സ്ഥാനങ്ങളിൽ‍. ഒരു മത്സരം കൂടി കഴിഞ്ഞാലെ ലീ​ഗിൽ ഇവരുടെ ഭാവി വ്യക്തമാകുകയുള്ളു. നിലവിലെ സാഹചര്യം തന്നെ തുടരുകയാണെങ്കിൽ ഐ.എസ്.എൽ കിരീടത്തിന് ഇക്കുറി പുതിയ അവകാശിയെത്തും

ഇതുവരെ ഐ.എസ്.എല്ലിന്റെ നാല് സീസണുകളാണ് കഴിഞ്ഞത്. രണ്ട് തവണ വീതം കിരീടം എ.ടി.കെയും ചെന്നൈയനും കിരീടം ചൂടിയിട്ടുണ്ട്. ആദ്യ സീസണിലും മൂന്നാം സീസണിലും എ.ടി.കെ കിരീടം ചൂടിയപ്പോൾ. രണ്ട്, നാല് സീസണുകളിലാണ് ചെന്നൈയന്റെ കിരീടധാരണം. ഇക്കുറി ചെന്നൈ ഇതിനകം തന്നെ, പുറത്തായിക്കഴിഞ്ഞു. ലീ​ഗിൽ ഏറ്റവുമവസാനമുള്ള അവർക്ക് എട്ട് പോയിന്റ് മാത്രമാണുള്ളത്.

എ.ടി.കെ നിലവിൽ ആറാം സ്ഥാനത്താണുള്ളത്. 16 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണവർക്കുള്ളത്. ശേഷിക്കുന്ന രണ്ട് കളികൾ ജയിക്കുകയും, നോർത്ത് ഈസ്റ്റ്, മുംബൈ എന്നിവർ തോൽക്കുകയും ചെയ്താൽ മാത്രമെ എ.ടി.കെയ്ക്ക് പ്ലേ ഓഫിന് യോ​ഗ്യത നേടാനാകു. അതിനൊപ്പം ​ഗോൾ വ്യത്യാസവും പ്രധാനമാണ്

നിലവിലെ സാഹചര്യത്തിൽ എ.ടി.കെയും പ്ലേ ഓഫിന് യോ​ഗ്യത നേടാനുള്ള സാധ്യത വളരെക്കുറവാണ്. പോയിന്റ് പട്ടികയിൽ എ.ടി.കെയ്ക്ക് മുന്നിലുള്ള ജംഷെദ്പൂരിനും പ്ലേ ഓഫ് സാധ്യത വിരളമാണ്. അതിനാൽ തന്നെ നിലവിലെ സാഹചര്യങ്ങളിൽ ഇക്കുറി ഐ.എസ്.എൽ കിരീടം ചൂടാൻ പുതിയ ഒരു ടീമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ