SHARE

2018 ലായിരുന്നു താൻ ക്ഷീണിതനായെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്‌. ഇതിന് ശേഷവും ലോകത്തെ വിവിധ ടി20 ലീഗുകളിൽ കളിച്ചിരുന്ന താരം 2019 ൽ ഇംഗ്ലണ്ടിൽ വെച്ചു നടന്ന ഏകദിനലോകകപ്പിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഇതിനെ എതിർത്തിരുന്നു.

എന്നാൽ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ തലപ്പത്ത് കഴിഞ്ഞയിടയ്ക്ക് മാറ്റം വന്നതോടെ ദേശീയ ടീമിലേക്കുള്ള ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവിന് വീണ്ടും സാധ്യതകൾ ഉയർന്നു. ഇപ്പോളിതാ ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ മത്സര പരമ്പരയ്ക്ക് മുൻപ് സംസാരിക്കവെ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് സൂചന നൽകിയിരിക്കുകയാണ് അവരുടെ പരിശീലകനായ മാർക്ക് ബൗച്ചർ.

കോവിഡിന് മുൻപ് ഡിവില്ലിയേഴ്സുമായി സ്ഥിരം ചർച്ചകൾ നടത്തിയിരുന്നതായും, എന്നാൽ അതിന് ശേഷം അദ്ദേഹവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെ‌ന്നും പറയുന്ന ബൗച്ചർ, ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേതെന്നും ന്യൂസ് 18 നോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

അതേ സമയം അടുത്ത രണ്ട് ടി20 ലോകകപ്പുകളിൽ ഡിവില്ലിയേഴ്സ് കളിക്കുമെന്ന് ബൗച്ചർ സൂചന നൽകുന്നുണ്ടെങ്കിലും, അടുത്ത സീസൺ ഐപിഎല്ലിലെ പ്രകടനമാകും താരത്തിന്റെ തിരിച്ചുവരവ് നിർണയിക്കുക എന്നാണ് കരുതപ്പെടുന്നത്. മികച്ച പ്രകടനം 2021 സീസൺ ഐപിഎല്ലിലും പുറത്തെടുക്കാനായാൽ ഡിവില്ലിയേഴ്സ് അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ടീമിലുണ്ടാകുമെന്ന കാര്യം ഉറപ്പ്‌.