SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മത്സരങ്ങളില്‍ ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ ആരും കിരീടം അണിഞ്ഞിട്ടില്ല. 2015ല്‍ ഗോവയില്‍ നടന്ന മത്സരത്തില്‍ ഗോവ ചെന്നൈയോട് തോല്‍ക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം കൊച്ചിയില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സും മുട്ടുമടക്കി.

ഈ വര്‍ഷം ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ബംഗളൂരുവിന് ജേതാക്കളാകാന്‍ കഴിയുമോ. ബംഗളൂരു എഫ്സി ചരിത്രം മാറ്റിയെഴുതുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ബംഗളൂരു ജയിച്ചാലും അത് ചരിത്രമാകും. ലീഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മുകളില്‍ സ്ഥാനം പിടിച്ച ടീമും ഇതുവരെ കിരീടം നേടിയിട്ടില്ല.

ടൂര്‍ണ്ണമെന്റിലെ ഫേവറിറ്റുകളാണ് ബംഗളൂരു എഫ്സി. ചെന്നൈയില്‍ എഫ്സി ഒരു തവണ കിരീടം നേടിയവരും. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയവരാണിവര്‍. ശനിയാഴ്ച ബംഗളൂരിവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അതുകൊണ്ട് തന്നെ തീപ്പാറും. ആദ്യമായി ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ദക്ഷിണേന്ത്യന്‍ ഡര്‍ബി.

‘ഏഎഫ്സി കപ്പ് മത്സരങ്ങള്‍ ഉള്ളതിനാല്‍ മറ്റു ടീമുകളേക്കാള്‍ നേരത്തെ തന്നെ ഞങ്ങള്‍ പരിശീലനം തുടങ്ങിയിരുന്നു. അത് കാര്യങ്ങള്‍ എളുപ്പമാക്കി. ഇനി ഒരു പടി കൂടി മുന്നോട്ട് പോകേണ്ടതുണ്ട്. ആരാധകരുടെ പിന്തുണ എപ്പോഴും ഞങ്ങള്‍ക്കുണ്ട്. ശനിയാഴ്ചത്തെ മത്സരം കടുത്തതാകും. മികച്ച ടീമാണ് ചെന്നൈ. ഈ സീസണിലെ ഏറ്റവും കടുത്ത മത്സരമാകും ഇത്.’- ബംഗളൂരു എഫ്സി കോച്ച് ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.

ലീഗില്‍ ഇത്തവണത്തെ മികച്ച ടീമാണ് ബംഗളൂരു. ആകെ 38 ഗോളുകള്‍ അവര്‍ സ്‌കോര്‍ ചെയ്തു. 20 മത്സരങ്ങളില്‍ നിന്നും അവര്‍ വാങ്ങിയ ഗോളുകള്‍ 17 എണ്ണം മാത്രവും. മറ്റുള്ളവരില്‍ നിന്നും ബംഗളൂരുവിനെ വ്യത്യസ്ഥമാക്കുന്നത് ഇതാണ്. ബാറിന് കീഴില്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ മറികടക്കാന്‍ ഏത് ടീമിനും പ്രയാസമാകും. അവസാനത്തെ പത്ത് മത്സരങ്ങളും പരാജയമെന്തെന്നറിയാത്ത ടീമാണ്.

ചെന്നൈയില്‍ എഫ്സിയും മോശക്കാരല്ല. ബംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ 2-1 ന് പരാജയപ്പെടുത്തിയ ടീമാണ്. ധന്‍പാല്‍ ഗണേശിന്റെ അവസാന മിനുട്ട് ഗോളാണ് ചെന്നൈയ്ക്ക് ഗുണമായത്. എങ്ങിനെ കളി ജയിക്കണമെന്ന് അവരുടെ കോച്ച് ജോണ്‍ ഗ്രിഗറിയ്ക്ക് നന്നായി അറിയാം. ഗോവയുടെ കുന്തമുനകളായ കോറോയേയും ലാന്‍സറോട്ടെയും സെമി ഫൈനലില്‍ വരച്ച വരയില്‍ നിര്‍ത്തിയ അവര്‍ക്ക് സുനില്‍ ഛേത്രിയേയും മിക്കുവിനേയും പിടിച്ചു കെട്ടാന്‍ പ്രയാസമുണ്ടാവില്ല. മിക്കുവും ഛേത്രിയും കൂടിയാണ് ബംഗളൂരുവിന്റെ 38 ഗോളുകളില്‍ 27 ഉം സ്‌കോര്‍ ചെയ്തത്.

‘ഞങ്ങള്‍ ചെന്നൈയിന്‍ എഫ്സിയാണ്. ഞങ്ങള്‍ക്ക് ആരെയും പേടിയില്ല. ഏറെ ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ ഫൈനലില്‍ കളിക്കുക. ബംഗളൂരിവില്‍ നേരത്തെ ഞങ്ങള്‍ വിജയിച്ചതാണ്. അവരുടെ നേട്ടത്തെ ഞങ്ങള്‍ കുറച്ച് കാണുന്നുമില്ല’.- ചെന്നൈയില്‍ എഫ്സി കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു. നേരത്തെ ഐഎസ്എല്‍ ഫൈനലില്‍ കളിച്ച നിരവധി കളിക്കാര്‍ ഇപ്പോഴും ചെന്നൈയിന്‍ എഫ്സിയുടെ ഭാഗത്തുണ്ടെന്നത് ഗ്രിഗറിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

മെയില്‍സണ്‍ ആല്‍വസ്, റാഫേല്‍ അഗസ്റ്റോ, ജെജെ, കരണ്‍ജിത് സിങ്, എന്നിവരൊക്കെ 2015ലെ ഫൈനലില്‍ ചെന്നൈ ടീമിന് വേണ്ടി കളിച്ചതാണ്. അന്ന് കിരീടം നേടിയ അതേ കളി കളിക്കാനായിരിക്കും ഇവരുടെ ശ്രമം.