SHARE

ഇത്തവണത്തെ ഐപിഎല്ലിൽ ശ്രദ്ധേയ താരമാകുമെന്ന് കരുതപ്പെട്ടിരുന്ന ബോളറായിരുന്നു കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഇന്ത്യൻ പേസർ ഇഷാൻ പൊറൽ. എന്നാൽ ഇക്കുറി ഇതു വരെ പഞ്ചാബ് 6 മത്സരങ്ങൾ കളിച്ചു കഴിഞ്ഞെ‌ങ്കിലും ഒരു മത്സരത്തിൽപ്പോലും ഈ ഇന്ത്യൻ യുവ പേസർക്ക് അവസരം ലഭിച്ചില്ല. ടൂർണമെന്റിൽ പഞ്ചാബ് പേസർമാരുടെ പ്രകടനം അത്ര മികച്ചതല്ലായിരുന്നിട്ടും ഇഷാനെപ്പോലൊരു മികവുറ്റ താരത്തെ അവർ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തത് ക്രിക്കറ്റ് വിദഗ്ദ്ധരുടെ മുഴുവൻ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്.

ഇന്നലെ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിന് ശേഷം സംസാരിക്കവെ പരിശീലനത്തിനിടെ ഇഷാൻ പുറത്തെടുക്കുന്ന മികച്ച പ്രകടനത്തെ പ്രശംസിച്ച രാഹുൽ, സീസണിൽ അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി.

“അദ്ദേഹം വളരെ മികച്ച‌ താരമാണ് നെറ്റ്സിൽ നന്നായി പന്തെറിയുന്നുമുണ്ട്. അവൻ പന്തെറിയുന്ന രീതിയിൽ എനിക്ക് വലിയ മതിപ്പുണ്ട്. കൂടാതെ അദ്ദേഹത്തിന് മികച്ചൊരു ഫസ്റ്റ് ക്ലാസ് സീസണും ഉണ്ടായിരുന്നു‌. പഞ്ചാബ് നിരയിലെ ആവേശഭരിതമായ താരങ്ങളിൽ ഒരാൾ ഇഷാനാണ്. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിക്കും.” ഇഷാൻ പൊറലിനെക്കുറിച്ച് രാഹുൽ പറഞ്ഞു.