SHARE

ഈ ലോകകപ്പിൽ ന്യൂസിലൻഡിന്റെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ് വലം കൈയ്യൻ പേസർ ലോക്കി ഫെർഗൂസൻ. ഇത് വരെ 17 വിക്കറ്റുകൾ നേടിക്കഴിഞ്ഞ ഫെർഗൂസൻ പരിക്കിനെത്തുടർന്ന് ന്യൂസിലൻഡിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിച്ചിരുന്നില്ല. ഈ പരിക്ക് മൂലം ഇന്ത്യയ്ക്കെതിരായ സെമി മത്സരവും താരത്തിന് നഷ്ടമായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോളിതാ താരം സെമിയിൽ കളിക്കുമോയെന്ന കാര്യത്തിൽ മനസ് തുറന്ന് കിവീസ് പരിശീലകൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.

ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ പരിക്കിനെത്തുടർന്ന് കളിക്കാതിരുന്ന ലോക്കി ഫെർഗൂസൻ, ഇന്ത്യയ്ക്കെതിരായ സെമിക്ക് മുന്നോടിയായി പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നും, പ്ലേയിംഗ് ഇലവനിൽ ഉണ്ടാകുമെന്നുമാണ് ന്യൂസിലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് പറയുന്നത്‌. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ” ഫെർഗൂസൻ കളിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ മത്സരം സെമി‌ഫൈനലോ, ഫൈനലോ വല്ലതും ആയിരുന്നെങ്കിൽ ഞങ്ങൾ ഫെർഗൂസനെ കളിപ്പിച്ചേനേ. ഒരു മുൻ കരുതലെന്ന നിലയ്ക്കാണ് പ്രധാനമായും കഴിഞ്ഞ കളിയിൽ അദ്ദേഹത്തെ പുറത്തിരുത്തിയത്.അദ്ദേഹം മികച്ച ഫിറ്റ്നസിലേക്ക് ഇപ്പോൾ എത്തുന്നുണ്ട്. സെമിയിൽ അദ്ദേഹം കളിക്കുമെന്ന് തന്നെ കരുതാം.” ഗാരി സ്റ്റെഡ് പറഞ്ഞുനിർത്തി.