SHARE

അവകാശവാദങ്ങളൊന്നും പോളണ്ട് ഉന്നയിക്കുന്നില്ല, എന്നാൽ തങ്ങളെ എഴുതിത്തള്ളേണ്ടെന്നാണ് അവർ വാദിക്കുന്നത്. അതിന്റെ സൂചനയാണ് റഷ്യയിലേക്ക് അയക്കുന്ന അവസാന ടീമിന്റെ പ്രഖ്യാപനം. പറയാൻ പ്രയാസമുണ്ടെങ്കിലും കേട്ടുപരിചയമുള്ള പല പേരുകളും അവരുടെ ആയുധപ്പുരയിലുണ്ട്.

12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പോളണ്ട് ലോകകപ്പ് വേദിയിലേക്ക് എത്തുന്നത്. യോ​ഗ്യതാ റൗണ്ട് ​ഗ്രൂപ്പിൽ ഡെന്മാർക്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു പോളണ്ടിന്റെ ലോകകപ്പ് പ്രവേശനം. നായകനും ടോപ്സ്കോററുമായ റോബർട്ട് ലെവൻഡോസ്കിയിലാണ് പോളിഷ് പ്രതീക്ഷകൾ. എപ്പോൾ എങ്ങനെ ഫോമിലേക്ക് കുതിച്ചുയരുമെന്ന് പറയാനാകാത്ത കളിക്കാരനാണ് ലെവൻഡോവ്സ്കി. യോ​ഗ്യതാ റൗണ്ടിൽ രണ്ട് ഹാട്രിക്കടക്കം 16 ​ഗോളുകളാണ് ബയേൺ മ്യൂണിക്ക് താരമായ ലെവൻഡോസ്കി അടിച്ചുകൂട്ടിയത്.

ലെവൻഡോസ്കിക്കൊപ്പം തന്നെ പോളിഷ് മുന്നേറ്റനിരയുടെ മറ്റൊരു പ്രതീക്ഷയാണ് നാപ്പോളി താരം, അർക്കാഡിയുസ് മിലിച്ച്. യോ​ഗ്യതാ റൗണ്ടിൽ ഒരു ​ഗോൾ മാത്രമാണ് നേടാനായതെങ്കിലും, ക്ലബ് തലത്തിൽ മികച്ച പ്രകടനം മിലിച്ചിന് അവകാശപ്പെടാനുണ്ട്. മധ്യനിരയിൽ പോളണ്ടിന് അവകാശപ്പെടാനുള്ള പ്രധാന പേരുകൾ, ജാക്കുബ് ബ്ലാസിക്കോവിസ്കിയുടേയും, നാപ്പോളിയുടെ പീറ്റർ സീലിയൻസ്കിയുടേയുമാണ്. ബൊറൂസിയ ഡോർട്ടമുണ്ടിന്റെ സുവർണകാലത്തെ മുന്നണി പോരാളിയായിരുന്ന ബ്ലാസിക്കോവിസ്കി ഇപ്പോൾ വോൾവ്സ്ബർ​ഗിലാണ്.

ബൊറൂസീയയുടെ ലൂക്കാസ് പിസെസ്കിലും മൊണാക്കോയുടെ കാമിൽ ​ഗ്ലിച്ചിലുമാണ് പോളിഷ് പ്രതിരോധം ഉറച്ചുനിൽക്കുന്നത്. പരിചയസമ്പന്നരായ വോയിജെസ് ഷിസ്നി, ലൂക്കാസ് ഫാബിയാൻസ്കി തുടങ്ങിയവരാണ് പോളണ്ടിന്റെ കാവൽക്കാർ.

ചുരുക്കിപ്പറഞ്ഞാൽ അത്യാവശ്യം കരുത്തരായ ടീം തന്നെയാണ് പോളണ്ട്. ലോകകപ്പിൽ, സെന​ഗൽ, കൊളംബിയ, ജപ്പാൻ എന്നിവരടങ്ങിയ ​ഗ്രൂപ്പിലാണ് പോളണ്ട് കളിക്കുന്നത്. രണ്ടാം റൗണ്ട് സ്വപനം കാണുന്ന, പോളണ്ടിനെ ഏറ്റവുമധികം വെല്ലുവിളിക്കുക, സൂപ്പർ താരങ്ങളുടെ പ്രായമാണ്. പ്രധാന താരങ്ങൾക്കെല്ലാം തന്നെ 28 വയസിന് മുകളിലാണ് പ്രായം.