SHARE

ഓസ്ട്രേലിയയുടെ യുവ ഓപ്പണിംഗ് ബാറ്റ്സ്മാനായ വിൽ പുകുവോസ്കി ഇന്ത്യയ്ക്കെതിരെ ബ്രിസ്ബെയിനിൽ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയത്തിൽ. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ സംഭവിച്ച പരിക്കാണ് താരത്തിന് ഇപ്പോൾ വിനയായിരിക്കുന്നത്. മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ഫീൽഡ് ചെയ്യുന്നതിനിടെ പുകുവോസ്കിയുടെ തോളിന് പരിക്കേറ്റതായി ഇന്നലെ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്.

പുകുവോസ്കി അടുത്ത രണ്ട് ദിവസം വിശ്രമത്തിലായിരിക്കുമെന്നും നാലാം ടെസ്റ്റിന് മുൻപ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് ഒരിക്കൽക്കൂടി വിലയിരുത്തിയതിന് ശേഷമേ ബ്രിസ്ബെയിനിൽ അദ്ദേഹം കളിക്കുന്ന കാര്യത്തിൽ ടീം തീരുമാനമെടുക്കൂ എന്നും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക വക്താവ് ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ കാര്യത്തിൽ റിസ്കെടുക്കാൻ ടീം തയ്യാറാകില്ലെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ കൺകഷനെത്തുടർന്ന് ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും കളിക്കാനില്ലാതിരുന്ന പുകുവോസ്കി, സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ കളിക്കാനിറങ്ങിയിരുന്നു‌. താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. തന്റെ കന്നി ടെസ്റ്റ് ഇന്നിംഗ്സിൽ 62 റൺസ് നേടിയ താരം ക്രിക്കറ്റ് ലോകത്തിന്റെ വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു.