SHARE

ക്രിക്കറ്റ് ലോകകപ്പിൽ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നാളെയാണ് നടക്കുക. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ നടക്കാനിരിക്കുന്ന ഈ മത്സരത്തിൽ മഴ വില്ലനായി എത്തിയേക്കുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾപുറത്ത് വരുന്നത്. ക്രിക്കറ്റ് പ്രേമികളെ മുഴുവൻ നിരാശയിലാഴ്ത്തുന്ന വാർത്തയാണിത്.

എല്ലാ ആഴ്ചയിലും മഴ പെയ്യാറുള്ള‌ സ്ഥലമാണ് മാഞ്ചസ്റ്റർ. ഇത്‌ മത്സരത്തിന് തിരിച്ചടി നൽകുന്ന‌ കാര്യമാണ്. നിലവിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് മാഞ്ചസ്റ്ററിലുള്ളത്. ഇത് കൊണ്ടു തന്നെ ഗ്രൗണ്ടിലെ ഭൂരിഭാഗം സ്ഥലവും ഷീറ്റുകൾ ഇപ്പോൾ ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. ഞായറാഴ്ച്ച മത്സരത്തിന്റെ ആദ്യ പണി മണിക്കൂർ സമയം മഴയ്ക്ക്‌ സാധ്യതയില്ലെന്നും, മത്സരത്തിന്റെ രണ്ടാം പകുതിയെത്തുമ്പോൾ മഴ വരുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

അതേ സമയം കളി‌നടന്നാൽ മത്സരത്തിൽ റണ്ണൊഴുകുമെന്നാണ് സൂചന. പിച്ചിൽ പച്ചപ്പ് ബാക്കി വെച്ചിട്ടില്ലെന്നതിനാൽ കളി നടന്നാൽ ബാറ്റ്സ്മാന്മാരുടെ പറുദീസയായിരിക്കും നാളെ ഓൾഡ്ട്രാഫോഡ്.