SHARE

2018 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ നടന്ന പന്തു ചുരണ്ടൽ വിവാദത്തെത്തുടർന്ന് അന്ന് ഓസ്ട്രേലിയൻ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ കളിക്കളത്തിൽ നിന്ന് ഒരു വർഷത്തേക്കും, ക്യാപ്റ്റൻസിയിൽ നിന്ന് രണ്ടു വർഷത്തേക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു‌‌. ഈ വർഷം മാർച്ചിൽ ക്യാപ്റ്റൻസി വിലക്ക് അവസാനിച്ചുവെങ്കിലും സ്മിത്ത് വീണ്ടും ഓസ്ട്രേലിയയുടെ ക്യാപ്റ്റനാകുന്നതിനെപ്പറ്റി ക്രിക്കറ്റ് ലോകത്ത് സംസാരങ്ങളൊന്നും നടക്കുന്നില്ല.

സ്മിത്ത്, വിലക്കിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് പുറത്തായത് മുതൽ ടിം പെയിനാണ് ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ നയിക്കുന്നത്. നിശ്ചിത ഓവർ മത്സരങ്ങളിൽ ആരോൺ ഫിഞ്ചാണ് ഇപ്പോൾ അവരുടെ നായകൻ. ടെസ്റ്റ് ക്രിക്കറ്റിൽ അടുത്തെങ്ങും സ്മിത്തിന് ഓസ്ട്രേലിയൻ നായക സ്ഥാനം ലഭിക്കില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. സ്മിത്തിനെ ടെസ്റ്റ് നായകനായി തിരിച്ചു കൊണ്ടു വരുന്ന കാര്യത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, അദ്ദേഹം ഇനി നായകനാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ സെലക്ഷൻ കമ്മറ്റി ചെയർമാനായ ട്രെവർ ഹോൺസ്. എന്നാൽ നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് സ്മിത്തെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ഏറ്റവും കുറഞ്ഞത് 2021/22 സീസൺ വരെയെങ്കിലും ടിം പെയിൻ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത് തുടരുമെന്നാണ് കരുതപ്പെടുന്നത്. ഈ സീസണിൽ നടക്കുന്ന ആഷസ് പരമ്പരയ്ക്ക് ശേഷമായിരിക്കും അദ്ദേഹത്തിന്റെ ടെസ്റ്റ് ക്യാപ്റ്റൻസിയുടെ ഭാവി തീരുമാനിക്കപ്പെടുക.