SHARE

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇന്ത്യൻ സൂപ്പർ താരം സുരേഷ് റെയ്ന ഐപിഎല്ലിലേക്ക് തിരിച്ചുവരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതോടെ ആരാധകരും വലിയ ആവേശത്തിലായിരുന്നു. എന്നാൽ ഇപ്പോളിതാ ചെന്നൈ സൂപ്പർ കിംഗ്സ് ടീം സി ഇ ഓ ആയ കാശി വിശ്വനാഥൻ ഇക്കാര്യത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നു.

റെയ്നയുടെ തീരുമാനത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും അതിനാൽ ഒരു സാഹചര്യത്തിലും അദ്ദേഹത്തോട് ഐപിഎല്ലിലേക്ക് തിരിച്ചുവരാൻ ഫ്രാഞ്ചൈസി ആവശ്യപ്പെടില്ലെന്നുമാണ് ടീം സി ഇ ഓ പറയുന്നത്. “റെയ്ന സ്വയം ലഭ്യമല്ലാത്തതിനാൽ അദ്ദേഹത്തെ നോക്കാൻ ഞങ്ങൾക്ക് കഴിയില്ല. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു. ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ” കാശി വിശ്വനാഥൻ പറഞ്ഞു നിർത്തി.

പരിക്കിനെത്തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന അമ്പാട്ടി റായുഡു അടുത്ത മത്സരത്തിൽ ടീമിലേക്ക് തിരിച്ചെത്തുമെന്നും സംസാരത്തിനിടെ അദ്ദേഹം വ്യക്തമാക്കി. ഇത് ആരാധകർക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ ചെന്നൈയുടെ വിജയശില്പിയായിരുന്നു റായുഡു. എന്നാൽ പരിക്ക് മൂലം അദ്ദേഹം കളിക്കാതിരുന്ന അവസാന രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയം നുണയുകയായിരുന്നു.