SHARE

വെംഗര്‍ ഔട്ട്, കഴിഞ്ഞ സീസണ്‍ അവസാനിച്ചശേഷം ആഴ്‌സനല്‍ ആരാധകര്‍ തമാശയായിട്ടും കാര്യമായിട്ടും വളരെയേറെ ഉപയോഗിച്ച വാക്കാണിത്. എത് ആള്‍ക്കൂട്ടത്തിനിടയിലും വെംഗര്‍ ഔട്ട് എന്ന് ബാനര്‍ ഉയര്‍ത്തിയുള്ള ട്രോളുകള്‍ പ്രചരിച്ചു. കഴിഞ്ഞ സീസണില്‍ ആഴ്സനലിന്റെ മോശം പ്രകടനമാണ് ഇതിന് കാരണം.

-Advertisement-

അഴ്‌സെന്‍ വെംഗര്‍ എന്ന ഫ്രഞ്ച്കാരന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു വികാരമാണ്, അത്ഭുതമാണ് അതിലേറെ പ്രിയപ്പെട്ട മറ്റെന്തോ ആണ്. അതാണ് പ്രീമിയർ ലീഗ് കിരീടമോ, ചാമ്പ്യന്‍സ് ലീഗ് കിരീടമോ ഇല്ലാതെ പത്തിലേറെ സീസണ്‍ കഴിഞ്ഞിട്ടും ആഴ്സനലിന്റെ പരിശീലക വേഷത്തില്‍ വെംഗര്‍ തുടര്‍ന്നത്. ചെറിയ ചുളിവുകള്‍ ആ വേഷത്തില്‍ വീണപ്പോഴൊക്കെ, ഇസ്തിരിയിട്ട് വെടിപ്പായി വെംഗറാശാന്‍ അത് കൈകാര്യം ചെയ്തു.

എന്തിനുമുള്ള പ്രതിവിധി ആശാന്റെ കൈയ്യിലുണ്ടെന്നാണ് ആഴ്‌സനലിന്റേത് മാത്രമല്ല മറ്റ് ടീമുകളുടേയും ആരാധകരുടെ വിശ്വാസം. സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പ് തടയാനുള്ള പോംവഴി ആശാന്റെ കൈയ്യില്‍ മാത്രമേയുള്ളെന്നാണ് ആരാധകര്‍ വിശ്വസിച്ചിരുന്നത്. അതിനുള്ള തെളിവുകളാണ് ഫുട്‌ബോളുമായി ബന്ധപ്പെട്ട സമൂഹമാധ്യമ ഗ്രൂപ്പുകളിലും പേജുകളിലും കണ്ടത്.

അങ്ങനെയൊരു വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. കാരണം അങ്ങനെ പലരേയും തളച്ച ചരിത്രം ആശാനുണ്ട്.അത് പോലെ മറ്റൊരു വിശ്വാസവും ആരാധകര്‍ക്കുണ്ടായിരുന്നു. എത്രയൊക്കെ തോറ്റാലും ജയിച്ചാലും അവസാന നാലില്‍ ടീമിനെയെത്തിച്ച് ആശാന്‍,ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കുമെന്ന്. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ സീസണില്‍ ആ വിശ്വാസവും തകര്‍ന്നു. ഈ സീസണിലാകട്ടെ പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്തും. ആരാധകരില്‍ വെംഗറിനെതിരായ വികാരം ശക്തിപ്പെടുന്നുണ്ട്‌.

അസാമാന്യ തിരിച്ചുവരവുകളും അതിഗംഭീര ടീം ഗെയിമുമായിരുന്നു ഇത്രനാള്‍ ആശാന്റ് ശക്തി എന്നാല്‍ ഇക്കുറി എടുത്തുപറയാന്‍ തക്കതായി അങ്ങനെയൊന്നുമില്ല. എറ്റവും മികച്ച താരങ്ങള്‍ ടീമിലുണ്ടായിട്ടും വിജയം അകന്നുനില്‍ക്കുന്നു.

1996-ല്‍ ആഴ്സനലിലെത്തിയ വെംഗര്‍ ടീമിന് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്തു. 2003-04 സീസണില്‍ ഒറ്റ മത്സരങ്ങള്‍ പോലും തോല്‍ക്കാതെ ആഴ്സനല്‍ പ്രീമിയര്‍ ലീഗ് കിരീടം മുത്തമിട്ടത് സമാനതകളില്ലാത്ത ചരിത്രം. തിയറി ഒന്റി, പാട്രിക് വിയേര, ഡെന്നീസ് ബെര്‍ജ്കാംപ്, ഫ്രെഡി ല്യൂങ്ബര്‍ഗ് എന്നിവരടങ്ങിയ ഇന്‍വിന്‍സിബിള്‍സ് നിരയെ വാര്‍ത്തെടുത്തത് വെംഗറാണ്. നിലിവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൈത്രയാത്രയെ, 2003-04 സീസണിലെ പീരങ്കിപ്പടയുടെ പടയോട്ടവുമായാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ താരതമ്യം ചെയ്യുന്നത്.

എന്നാല്‍ ഇനി പഴയ കഥകള്‍ ആവര്‍ത്തിച്ച്, എത്രനാള്‍ വെംഗറാശാന് എമിറേറ്റ്‌സില്‍ തുടരാനാകുമെന്നത് ചോദ്യചിഹ്നമാണ്. ഒന്നാമതുള്ള സിറ്റിയുമായി ആഴ്‌സനലിന്റെ വ്യത്യാസം 19 പോയിന്റാണ്. സീസണോടുവില്‍ അവസാന നാലിലെത്തണമെങ്കില്‍ തന്നെ ലിവര്‍പൂള്‍, ചെല്‍സി, യുണൈറ്റഡ്, ടോട്ടനം എന്നീ ടീമുകളോട് കടുത്ത മത്സരം നടത്തേണ്ടി വരും.

2006-ല്‍ ഫൈനലിലെത്തിയതൊഴിച്ചാല്‍ ചാമ്പ്യന്‍സ് ലീഗിലും ആശാന് കാര്യമായ നേട്ടങ്ങളില്ല. ഈ സീസണില്‍ യോഗ്യത പോലൂം നേടാനാകാതെ വന്നതോടെ, യുറോപ്പ ലീഗിലാണ് അവർ കളിക്കുന്നത്. സൂപ്പര്‍ താരങ്ങളായ മെസ്യൂട്ട് ഓസില്‍, അലക്‌സിസ് സാഞ്ചസ്, ഒളിവര്‍ ജിറൂഡ് തുടങ്ങിയവര്‍ ടീം വിട്ടേക്കും എന്ന വാര്‍ത്തകളും വരുന്നുണ്ട്. പ്രീമിയര്‍ ലീഗില്‍ അവസാന നാലിലോ, യുറോപ്പ ലീഗില്‍ കിരീടമോ നേടാതെ സീസണവസാനിപ്പിച്ചാല്‍ വെംഗര്‍ ടീമിന്റെ പരിശീലകസ്ഥനത്ത് തുടരുമോ എന്ന കാര്യം സംശയമാണ്.