SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ തുടക്കമാണ് സൺ റൈസേഴ്സ് ഹൈദരാബാദിന്റേത്. കളിച്ച ഏഴിൽ അഞ്ചിലും വിജയം നേടിയ അവർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ പോരാട്ടത്തിൽ കരുത്തരായ കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ടീമിന്റെ വിജയങ്ങൾക്ക് പിന്നിലെ കാരണം പേസ് ബൗളർ സന്ദീപ് ശർമ്മ വെളിപ്പെടുത്തി.

ഹൈദരാബാദിന്റെ വിജയങ്ങൾക്ക് നായകൻ കെയിൻ വില്ല്യംസണെയാണ് സന്ദീപ് ശർമ്മ പ്രശംസിക്കുന്നത്. ടീമിലെ ഓരോ അംഗങ്ങളിലും വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ള താരമാണ് വില്ല്യംസണെന്നും, അദ്ദേഹം വളരെ ശാന്തനാണെന്നും പറഞ്ഞ ശർമ്മ, വില്ല്യംസണിന്റെ ശാന്തത ടീമിനെ കൂടുതൽ കരുത്തരാക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

” എപ്പോളും പോസിറ്റീവായി ചിന്തിക്കുകയും, വർത്തമാനം പറയുകയും ചെയ്യുന്ന ക്യാപ്റ്റനാണ് വില്ല്യംസൺ, ടീമിന് പ്രതിരോധിക്കാനുള്ളത് തീരെ ചെറിയ സ്കോറുകളാണെങ്കിൽ പോലും അദ്ദേഹത്തിന് അത് ജയിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ടാകും. അത്തരം മത്സരങ്ങളിൽ കഴിഞ്ഞതൊക്കെ മറന്ന് ഇനി ജയിക്കാൻ എന്ത് ചെയ്യണമെന്ന് ചിന്തിക്കാൻ അദ്ദേഹം താരങ്ങളോട് ആവശ്യപ്പെടാറുണ്ട്. ഇങ്ങനെയൊരു ക്യാപ്റ്റൻ കൂടെയുള്ളപ്പോൾ ഞങ്ങൾക്ക് ജയിക്കാൻ കഴിയാതിരിക്കുന്നതെങ്ങനെ”?. സന്ദീപ് ശർമ്മ ചോദിക്കുന്നു.