SHARE

കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ വെസ്റ്റ് ഇന്‍ഡീസ് ബി ടീമിന്റെ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. തുടര്‍ച്ചയായ നാലാം ജയത്തോടെ ടീം പ്ലേഓഫ് ഉറപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സ്റ്റീവ് സ്മിത്ത് നയിച്ച ടൊറാന്റോ നാഷണല്‍സിനെയാണ് കരീബിയന്‍ ടീം മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടൊറാന്റോ വെറും 128 റണ്‍സ് മാത്രമാണ് നേടിയത്. വിന്‍ഡീസ് ടീം 14.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഈ സ്‌കോര്‍ മറികടന്നു.

ടൊറാന്റോയ്ക്ക് വേണ്ടി സ്മിത്ത് 55 റണ്‍സെടുത്തു. ജസ്റ്റിന്‍ ഗ്രീവ്‌സാണ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങിയത്. വെറും 22 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. ബാറ്റിംഗിലും ഗ്രീവ്‌സാണ് താരമായത്. 45 റണ്‍സോടെ ടോപ്‌സ്‌കോറര്‍. കരീബിയന്‍ ക്രിക്കറ്റില്‍ പ്രതിഭകള്‍ക്ക് ക്ഷാമമില്ലെന്ന് തെളിയിക്കുന്നത് കാനഡയില്‍ അവരുടെ യുവനിരയുടെ പ്രകടനം. യുവതാരങ്ങള്‍ അടങ്ങിയ മൂന്നാംനിര ടീമാണ് വിന്‍ഡീസിനായി ഇവിടെ കളിക്കുന്നത്. എന്നിട്ടുപോലും മികച്ച ഫലമുണ്ടാക്കാന്‍ ടീമിനായി.