SHARE

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് 289 റണ്‍സിന് പുറത്തായി. രണ്ടാംദിനം ആദ്യ സെഷനില്‍ തന്നെ അവശേഷിച്ച രണ്ടുവിക്കറ്റുകളും നിലംപൊത്തി. 109 പന്തില്‍ 81 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ ആണ് അവസാനം പുറത്തായത്. ആദ്യദിനം അവസാനിക്കുമ്പോള്‍ എട്ടുവിക്കറ്റിന് 264 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍.

ജെയിംസ് ആന്‍ഡേഴ്‌സന്റെ മാരക ബൗളിംഗാണ് വിന്‍ഡീസിനെ തകര്‍ത്തത്. 30 ഓവറില്‍ വെറും 46 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആന്‍ഡേഴ്‌സണ്‍ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സ്‌റ്റോക്ക്‌സ് നാലുവിക്കറ്റുമായി മികച്ച പിന്തുണ നല്കി. മോയീന്‍ അലിക്കാണ് ശേഷിച്ച വിക്കറ്റ്. ഒരുഘട്ടത്തില്‍ നാലിന് 240 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു വിന്‍ഡീസ്. എന്നാല്‍ ആദ്യദിനത്തിലെ അവസാന ആറ് ഓവറുകള്‍ ആതിഥേയരുടെ തകര്‍ച്ചയാണ് കണ്ടത്.

റോസ്റ്റണ്‍ ചേസിനെ (56) വീഴ്ത്തി ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചെത്തിച്ചത്. ഷെയ്ന്‍ ഡൗറിച്ച് (പൂജ്യം), ജേസണ്‍ ഹോള്‍ഡര്‍ (5), കെമര്‍ റോച്ച് (പൂജ്യം) എന്നിവര്‍ വീണതോടെ വിന്‍ഡീസിന് വലിയ സ്‌കോര്‍ നേടാമെന്ന മോഹം പൊലിഞ്ഞു. ക്രെയ്ഗ് ബ്രേത്‌വെയ്റ്റ് (40), ജോണ്‍ കാംപെല്‍ (44), ഷായ് ഹോപ്പ് (57) എന്നിവര്‍ക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.