SHARE

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ ജയത്തിനരികെ. 53 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ വിന്‍ഡീസ് വെറും 127 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് ജയിക്കാന്‍ വെറും 72 റണ്‍സ് മാത്രം മതി. രണ്ടാം ഇന്നിംഗ്‌സിലും വിന്‍ഡീസിനെ തകര്‍ത്തത് നാലുവിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ്. സ്‌കോര്‍ വിന്‍ഡീസ് 311, 127 ഇന്ത്യ 367.

രണ്ടാം ഇന്നിംഗ്‌സില്‍ ചീട്ടുകൊട്ടാരം പോലെയാണ് വിന്‍ഡീസ് വീണത്. ഓപ്പണര്‍മാര്‍ സംപൂജ്യരായി മടങ്ങി. 38 റണ്‍സെടുത്ത സുനില്‍ ആംബ്രിസും 28 റണ്‍സെടുത്ത ഷായ് ഹോപ്പും മാത്രമാണ് പിടിച്ചുനിന്നത്. രവീന്ദ്ര ജഡേജ 11 ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. മധ്യനിരയും മുന്‍നിരയും ഉത്തരവാദിത്വം കാണിക്കാതെ പടികയറിയതാണ് വിന്‍ഡീസിന് തിരിച്ചടിയായത്.

നേരത്തെ രാവിലെ കളി പുനരാരംഭിച്ച് മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ എണ്‍പത്തിനാലാം ഓവറിലെ ആദ്യ പന്തില്‍ അജിങ്ക്യ രഹാനെയും മൂന്നാം പന്തില്‍ സംപൂജ്യനായി രവീന്ദ്ര ജഡേജയും മടങ്ങി. 183 പന്തില്‍ 80 റണ്‍സെടുത്ത രഹാനെയെ ഷായി ഹോപ്പിന്റെ കൈകളിലെത്തിച്ചപ്പോള്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് വാലറ്റവും പെട്ടെന്ന് തന്നെ പുറത്തായതോടെ വിന്‍ഡീസിന് തിരിച്ചുവരവിന് അവസരമൊരുങ്ങി. അശ്വിന്‍ 35 റണ്‍സെടുത്തു. 92 റണ്‍സെടുത്ത റിഷാഭ് പന്താണ് ടോപ്‌സ്‌കോറര്‍.