SHARE

വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മോചിതനായ സ്റ്റാർ ബോളർ മുസ്താഫിസുർ റഹ്മാൻ തിരിച്ചെത്തിയതാണ് ടീമിലെ പ്രധാന കാര്യം. പരമ്പരയിലെ ആദ്യ മത്സരം മാത്രമാണ് വെസ്റ്റിൻഡീസിൽ നടക്കുന്നത്. പിന്നീടുള്ള രണ്ട് മത്സരങ്ങൾക്ക് അമേരിക്കയിലെ ലോഡർഹില്ലാണ് ആതിഥേയത്വം വഹിക്കുക.

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയിൽ നടന്ന ടി20 പരമ്പരയിൽ കളിച്ച ബംഗ്ലാദേശ് ടീമിനെ വെസ്റ്റിൻഡീസിനെതിരെയും ബംഗ്ലാദേശ് നിലനിർത്തി. ഒപ്പം മുസ്താഫിസുറിനെക്കൂടി ഉൾപ്പെടുത്തിയെന്ന് മാത്രം. നേരത്തെ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നതിനിടെയാണ് മുസ്താഫിസുറിന് പരിക്ക് പറ്റിയത്. തുടർന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരങ്ങളും, വെസ്റ്റിൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും താരത്തിന് നഷ്ടമായിരുന്നു. സീനിയർ ഓൾ റൗണ്ടർ ഷക്കീബ് അൽഹസൻ തന്നെയാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ ടീമിനെ നയിക്കുക. ജൂലൈ 31, ഓഗസ്റ്റ് 4,5 തീയതികളിൽ മത്സരങ്ങൾ നടക്കും.

ബംഗ്ലാദേശ് ടീം : ഷക്കീബ് അൽ ഹസൻ, തമീം ഇഖ്ബാൽ, സൗമ്യ സർക്കാർ, ലിട്ടൺ ദാസ്, മുഷ്ഫിഖുർ റഹീം, സബ്ബീർ റഹ്മാൻ, മഹ്മുദുള്ള, മൊസാദെക് ഹൊസൈൻ, മെഹിദി ഹസൻ, നസ്മുൾ ഇസ്ലാം, റൂബൽ ഹുസൈൻ, മുസ്താഫിസുർ റഹ്മാൻ, അബു ഹിദർ, അബു ജയേദ്, ആരിഫുൾ ഹഖ്.