SHARE

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണ് ആന്ദ്രേ ഇനിയേസ്റ്റ. ജീവിതത്തിന്റെ ഒരു ഭാ​ഗമായ ബാഴ്സലോണ വിട്ടുള്ള ഇനിയേസ്റ്റയുടെ പോക്ക് ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിന്റ പ്രധാന കാരണം, ടീം വിടാൻ ഇനിയേസ്റ്റ് തിരഞ്ഞെടുത്ത ഈ സമയമാണ്. ഇനിയേസ്റ്റയ്ക്ക് പ്രായമായി എന്നത് സത്യമാണ്, എന്നാൽ ബാഴ്സയിൽ അദ്ദേഹത്തിന് ഇനിയും ബാല്യം ബാക്കിയുണ്ടായിരുന്നു.

പ്രായത്തിന്റെ അവശതകൾ ഇനിയേസ്റ്റയെ ബാധിച്ചിരുന്നു, എന്നാൽ തളർത്തിയിരുന്നില്ല, കളിക്കളത്തിലെ പ്രകടനത്തിന് ഒരിറ്റ് പോലും മങ്ങൽ ഉണ്ടായിട്ടില്ല, ടീമിൽ തിരസ്കൃതനായിട്ടില്ല, സൈഡ് ബെഞ്ചിൽ അവസരം കിട്ടാതെ വിഷമിച്ചിരുന്നിട്ടില്ല, എന്തിനേറെ, കട്ടയ്ക്ക് നിൽക്കുന്ന ഒരു പകരക്കാരനെ ബാഴ്സ ഇപ്പോഴും കണ്ടെത്തിയിട്ടില്ല, എന്നിട്ടും ഇനിയേസ്റ്റ എന്തിന് ഇപ്പോൾ ബാഴ്സ വിട്ടു, അതും ലോകകപ്പ് ടീമിൽ പോലും സ്ഥാനം ലഭിച്ചപ്പോൾ. അതിന് വിവിധ പാശ്ചാത്യ-എഷ്യൻ മാധ്യമങ്ങൾ നൽകുന്ന ഉത്തരമാണ്, വീഞ്ഞ് കച്ചവടം.

ബാഴ്സലോണയ്ക്ക് എതിരെ ഒരിക്കലും കളിക്കാനാകില്ല, എന്നാണ് ഇനിയേസ്റ്റ് പറഞ്ഞത്. ഈ സാഹചര്യത്തിൽ അമേരിക്കൻ മേജർ സോക്കർ ലീ​ഗിലേക്കാണ് മിക്കവാറും താരങ്ങൾ ചേക്കേറാറുള്ളത്. എന്നാൽ ഇനിയേസ്റ്റ തിരഞ്ഞെടുത്തത്, പല കളിക്കാരും കരിയറിന്റെ അവസാനം ചടങ്ങുതീർക്കാൻ എത്തുന്ന ഏഷ്യൻ ലീ​ഗിലേക്കാണ്. ജാപ്പനീസ് ലീ​ഗിലെ, വിസെൽ കോബിലേക്കാണ് ഇനയേസ്റ്റ എത്തിയത്. ബാഴ്സയുടെ സ്പോൺസർമാരായ റാക്കുട്ടൻ, തന്നെയാണ് കോബിന്റേയും സ്പോൺസർമാരെന്നത്, ഇനിയേസ്റ്റയുടെ വരവിന് സഹായകമായി. അതിലുപരിയാണ് ഇനിയേസ്റ്റയുടെ വീഞ്ഞ് വ്യവസായമെന്ന് അഭ്യൂഹമുണ്ട്.

ഇനിയേസ്റ്റയുടെ കുടുംബം വീഞ്ഞ് ഉദ്പാദനം നടത്തുന്നുണ്ട്. ബൊഡേ​ഗ ഇനിയേസ്റ്റ എന്ന പേരിൽ ഇവർ ഉദ്പാദിപ്പിക്കുന്ന വീഞ്ഞ് ഇപ്പോൾ സ്പെയിനിലും മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളിലും മാത്രമെ വിൽപ്പന നടക്കുന്നുള്ളു. ജാപ്പനീസ് ക്ലബുമായുള്ള കരാറിൽ ഇനിയേസ്റ്റ കുടുംബം ഉദ്പാദിപ്പിക്കുന്ന വീഞ്ഞ് ജപ്പാനുൾപ്പെടെയുള്ള എഷ്യൻ മാർക്കറ്റിൽ എത്തിക്കുന്നതിനുള്ള സഹായവും വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ ഒന്നിലേറെ ചൈനീസ് ക്ലബുകളും, വീഞ്ഞ് വിൽപ്പനയിൽ വലിയ സഹായം വാ​ഗ്ദാനം ചെയ്തിരുന്നു.

ഏതായാലും വിസൽ കോബ് ക്ലബിലേക്ക് ഇനിയേസ്റ്റ എത്തുമ്പോൾ, ഡ്രെസിങ്ങ് റൂമിൽ മറ്റൊരു സൂപ്പർ താരവും കാത്തിരിക്കുന്നുണ്ട്. മറ്റാരുമല്ല ജർമനിയുടെ സൂപ്പർ താരമായിരുന്ന ലൂക്കാസ് പൊഡോൾസ്കി. കഴിഞ്ഞ സീസൺ മുതൽ കോബിനൊപ്പമുണ്ട് പൊഡോൾസ്കി.