SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ചെന്നൈ, ഡെൽഹി, മുംബൈ ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ ബാക്കിയുള്ള ഒരു പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടിയാണ് ഇനിയുള്ള പോരാട്ടം. കൊൽക്കത്ത, രാജസ്ഥാൻ, പഞ്ചാബ് ടീമുകളാണ് ഈ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത്. പ്ലേ ഓഫിൽ കയറാൻ ഇനി ഈ ടീമുകൾക്ക്‌സ്വന്തം വിജയം മാത്രമല്ല മറിച്ച് സഹടീമുകളുടെ മോശം പ്രകടനം കൂടി വേണ്ടി വരും. അത് കൊണ്ടു തന്നെ മറ്റുള്ള മത്സരഫലങ്ങൾക്ക് വേണ്ടി ഏറെ ആകാംക്ഷയോടെയാണ് ടീമുകൾ കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പഞ്ചാബിനെ തോൽപ്പിച്ച് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ക്രിസ് ലിന്നിന്റെ വാക്കുകളിൽ മറ്റുള്ള ടീമുകളുടെ പ്രകടനം അവർ എത്രത്തോളം ഉറ്റുനോക്കുന്നുണ്ടെന്ന് മനസിലാക്കാം. കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലെത്തണമെങ്കിൽ ഇന്ന് നടക്കുന്ന സൺ റൈസേഴ്സ് ഹൈദരാബാദ് – റോയൽ ചലഞ്ചേഴ്സ് മത്സരത്തിൽ ഹൈദരാബാദ് പരാജയപ്പെടേണ്ടതുണ്ട്‌. തങ്ങളുടെ പ്ലേ ഓഫ് സാധ്യതകളിൽ നിർണായകമാകുന്ന ഈ മത്സരം കാണാൻ കാത്തിരിക്കുകയാണ് കൊൽക്കത്തൻ താരങ്ങൾ. ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ ക്രിസ് ലിൻ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. ” ഞാൻ കാര്യമായി ടിവി കാണുന്നയാളല്ല, പക്ഷേ ഇന്ന് നടക്കുന്ന സൺ റൈസേഴ്സ് ഹൈദരാബാദിന്റെ മത്സരം തനിക്ക്‌ കാണേണ്ടതുണ്ട്. ഇതിനായി ഞാൻ അടുത്ത ദിവസം ടെലിവിഷന്റെ മുന്നിൽത്തന്നെയുണ്ടാകും.” ലിൻ പറയുന്നു.

അതേ സമയം ഇന്ന് സൺ റൈസേഴ്സ് വിജയിച്ചാൽ കൊൽക്കത്തയ്ക്ക് മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാകും. ഇന്ന്‌ ഹൈദരാബാദ് തോൽക്കുകയാണെങ്കിൽ നാളെ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാൽ കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലെത്താം.