SHARE

കഴിഞ്ഞയിടയ്ക്ക് ബിസിസിഐ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത് മുതൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിൽ സൗരവ് ഗാംഗുലി കൊണ്ട് വരുന്നത്. ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം ബംഗ്ലാദേശിനെതിരെ സംഘടിപ്പിക്കാൻ മുൻ കൈയ്യെടുത്ത് കൈയ്യടി നേടിയ ഗാംഗുലി ഇപ്പോളിതാ വനിതാ ഐപിഎൽ എന്ന് സംഭവിക്കും എന്നുള്ള കാര്യത്തിൽ സൂചന നൽകിയിരിക്കുന്നു.

ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഏറെ നാളായുള്ള ആവശ്യമാണ് പുരുഷ ഐപിഎൽ പോലെ തന്നെ വനിതാ ഐപിഎല്ലും സംഘടിപ്പിക്കുക എന്നത്‌. എന്നാൽ ഇതിന് കുറച്ച് വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ഗാംഗുലി സൂചന നൽകുന്നത്. 7,8 ടീമുകൾ പ‌ങ്കെടുക്കുന്ന വനിതാ ഐപിഎൽ ടൂർണമെന്റ് ഇവിടെ സംഭവിക്കുമെന്നും അതിനായി പക്ഷേ 4 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും ഗാംഗുലി പറയുന്നു. മികച്ച 150-160 വനിതാ താരങ്ങളെങ്കിലും ഉണ്ടെങ്കിലേ വനിതാ ഐപിഎൽ സാധ്യമാകൂ എന്നും, അത് അടുത്ത 4 വർഷത്തിനുള്ളിൽ സംഭവിക്കുമെന്നും പറയുന്ന ബിസിസിഐ‌ പ്രസിഡന്റ്, നിലവിൽ 50,60 താരങ്ങളോളമേ ഇവിടെയുള്ളൂവെന്നും കൂട്ടിച്ചേർത്തു.

അതേ സമയം മുൻ സീസണുകളിലെ ഐപിഎല്ലിനിടയ്ക്ക് വനിതകളുടെ മത്സരങ്ങൾ ബിസിസിഐ സംഘടിപ്പിച്ചിരുന്നു. 2018 ൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഒരു പ്രദർശന മത്സരം മാത്രമാണ് വനിതകൾക്കായി നടന്നതെങ്കിൽ, കഴിഞ്ഞ ഐപിഎല്ലിനിടയിൽ മൂന്ന് ടീമുകൾ പങ്കെടുത്ത വിമൻസ് ടി20 ചലഞ്ചായി അത് വളർന്നിരുന്നു. പോയ സീസൺ ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങൾ നടന്ന അതേ സമയത്ത് ജയ്പൂരിലായിരുന്നു ഈ വനിതാ ടൂർണമെന്റ് അരങ്ങേറിയത്.