SHARE

ജയ്പൂരിൽ ഇന്നലെ നടന്ന ഐപിഎൽ താരലേലത്തിൽ വിൽക്കപ്പെടാതെ പോയ പ്രമുഖ ഇന്ത്യൻ താരങ്ങളിലൊരാളാണ് ബെംഗാൾ ബാറ്റ്സ്മാൻ മനോജ് തിവാരി. കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന തിവാരിയെ ഇത്തവണ ലേലത്തിൽ സ്വന്തമാക്കാൻ ടീമുകളൊന്നും മുന്നോട്ട് വരാതിരുന്നതോടെ അദ്ദേഹം വിൽക്കപ്പെടാതെ പോവുകയായിരുന്നു.

ഈ വർഷത്തെ രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന തിവാരി ലേലത്തിൽ തഴയപ്പെട്ടത് എന്ത് കൊണ്ടാണെന്ന കാര്യത്തിൽ ഇപ്പോളും തലപുകയ്ക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ഇന്നലെ ലേലം അവസാനിച്ചതിന്‌ പിന്നാലെ ലേലത്തിൽ നിന്ന് തഴയപ്പെട്ടതിന്റെ നിരാശ പ്രകടിപ്പിച്ച് തിവാരി തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും , ഐപിഎൽ ലേലത്തിൽ തഴയപ്പെട്ടത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും പറഞ്ഞ തിവാരി ട്വിറ്ററിലൂടെയും തന്റെ നിരാശ പ്രകടിപ്പിച്ചു. 2017 ലെ ഐപിഎൽ സീസണിൽ താൻ കാഴ്ച വെച്ച മികച്ച പ്രകടനത്തെയും പോസ്റ്റിൽ തിവാരി പരാമർശിച്ചിട്ടുണ്ട്.

ആദ്യ സീസൺ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ചുരുക്കംചില താരങ്ങളിൽ ഒരാളായിരുന്നു തിവാരി. 2011 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി 15 മത്സരങ്ങളിൽ 359 റൺസ് നേടിയതാണ് ഒരു സീസണിൽ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. പൂനെ സൂപ്പർ ജയന്റ്സിനൊപ്പം കളിച്ച 2017 സീസണിലും 15 മത്സരങ്ങളിൽ 324 റൺസ് നേടി തിവാരി തിളങ്ങിയിരുന്നു.