SHARE

വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 198 റണ്‍സ് വിജയ ലക്ഷ്യം. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് നിശ്ചി 50 ഓവറില്‍ 197-8 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റുകള്‍ നേടി മുജീബ് റഹ്മാനാണ് മത്സരത്തില്‍ തിളങ്ങിയത്.

തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസ് തുടക്കം. ഓപ്പണര്‍ ക്രിസ് ഗെയിലിനെ പുറത്താക്കി മുജീബാണ് വിക്കറ്റുവേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഒരു റണ്‍സ് മാത്രമാണ് ക്രിസ് ഗെയില്‍ നേടിയത്. 43 റണ്‍സെടുത്ത ഷായ് ഹോപും 36 റണ്‍സെടുത്ത മാര്‍ലോണ്‍ സാമുവല്‍സും ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായത് വിന്‍ഡീസിന് തിരിച്ചടിയായി. മുഹമ്മദ് രണ്ടും ഷറഫുദ്ദീന്‍ അഷ്‌റഫ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി മുജീബ് റഹ്മാന് ഉറച്ച പിന്തുണ നല്‍കി.

സ്‌കോട്‌ലന്‍ഡും യു എ ഇയും തമ്മില്‍ നടന്ന സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ സ്‌കോട്‌ലന്‍ഡ് കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. 114 റണ്‍സെടുത്ത മാത്യൂ ക്രോസ്സിന്റെയും 78 റണ്‍സെടുത്ത കലം മക്ലിയോഡിന്റെയും മികവില്‍ സ്‌കോട്‌ലന്‍ഡ് 50 ഓവറില്‍ 322-6 റണ്‍സ് നേടി. യു എ ഇയ്ക്ക് വേണ്ടി രോഹന്‍ മുസ്തഫ നാലു വിക്കറ്റുകള്‍ വീഴ്ത്തി.