SHARE

ലാറ്റിനമേരിക്കയുടെ അവസാന പ്രതിനിധികളായ യുറു​ഗ്വേയും ബ്രസീലും ക്വാർട്ടറിൽ പുറത്തായതോടെ ലോകകിരീടം യൂറോപ്യൻ വൻകര വിട്ടുപോകില്ല എന്ന് ഉറപ്പായി. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇറ്റലി, സ്പെയിൻ, ജർമനി എന്നിവിടങ്ങളിൽ കറങ്ങുന്ന ലോകകിരീടം ഇക്കുറി വേറെ രാജ്യത്തെത്തും, ഒരുപക്ഷെ പുതിയ രാജ്യത്തും.

ക്വർട്ടറിൽ യുറു​ഗ്വെയെ ഫ്രാൻസും ബ്രസീലിനെ ബെൽജിയവുമാണ് തോൽപ്പിച്ചത്. ഇതോടെ ഇവർ സെമിയിൽ ഏറ്റുമുട്ടും. അവശേഷിക്കുന്ന ക്വാർട്ടർ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത് റഷ്യ, ക്രൊയേഷ്യ, സ്വീഡൻ, ഇം​ഗ്ലണ്ട് എന്നീ രാജ്യങ്ങളാണ്. ഇവരെല്ലാം തന്നെ യൂറോപ്യൻ രാജ്യങ്ങളാണ്. 2006 ജർമനി ലോകകപ്പിലാണ് ഇതിന് മുമ്പ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഒന്നും സെമിയിലെത്താതിരുന്നത്. ബ്രസീൽ, അർജന്റീന, ജർമനി എന്നീ ടീമുകളിലേതെങ്കിലുമൊന്ന് സെമിയിലെത്താത്ത ആദ്യ ലോകകപ്പ് കൂടിയാണ് റഷ്യയിലേത്.

റഷ്യയിൽ ഇനി അവശേഷിക്കുന്ന ടീമുകളിൽ ഇം​ഗ്ലണ്ടും ഫ്രാൻസും മുമ്പ് ഓരോ തവണ ജേതാക്കളായവരാണ്. ഇരുവരും സ്വന്തം നാട്ടിൽ തന്നെയാണ് കിരീടം നേടിയതെന്നത് മറ്റൊരു പ്രത്യേകത. 1966-ലാണ് ബോബി മൂറിന്റെ ഇം​ഗ്ലീഷ് പടയുടെ തേരോട്ടം. 1998-ലായിരുന്നു ഇപ്പോഴത്തെ പരിശീലകൻ ദിദിയർ ദെഷാംസിന്റെ നേതൃത്വത്തിൽ ഫ്രഞ്ച് വിജയം. ഈ രണ്ട് ടീമുകളൊഴികെ മറ്റാര് കിരീടം ചൂടിയാലും അത് പ്രഥമ കിരീടമായിരിക്കും.