SHARE

കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ ദയനീയ പ്രകടനത്തിന് ശേഷം അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ യുവ ബാറ്റ്സ്മാൻ പൃഥ്വി ഷായെ വാനോളം പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം പൃഥ്വി ഷാ തന്റെ ബാറ്റിംഗ് ടെക്നിക്ക് മെച്ചപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന ഹോഗ്, ഈ വർഷം യു എ ഇ യിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹം ഇടം പിടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലായിരുന്നു ഹോഗ് ഇക്കാര്യങ്ങൾ പറഞ്ഞത്.

“ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം പൃഥ്വി ഷാ തന്റെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി‌. ടെക്നിക്കിന്റെ കാര്യത്തിൽ കഠിനാധ്വാനം ചെയ്ത അവന് അതിന്റെ ഫലവും ലഭിച്ചു.‌ ഫ്രണ്ട്ഫുടിൽ കളിക്കുമ്പോൾപ്പോലും പുറത്തേക്ക് പോകുന്ന പന്തുകളെ മികച്ച രീതിയിൽ നേരിടാനുള്ള പൊസിഷനിലാണ് അദ്ദേഹം ഇപ്പോൾ. തന്റെ ബാറ്റിംഗ് ടെക്നിക്കിൽ വളരെ മികച്ച മുന്നേറ്റമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. യു എ ഇ യിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് പോകുന്ന ഇന്ത്യൻ സ്ക്വാഡിൽ പൃഥ്വി ഷായുണ്ടെങ്കിൽ താൻ അതിൽ അത്ഭുതപ്പെടില്ല.” ഹോഗ് പറഞ്ഞു നിർത്തി‌.

അതേ സമയം ഓസ്ട്രേലിയൻ പര്യടനത്തിൽ മോശം ഫോമിനെത്തുടർന്ന് പ്ലേയിംഗ് ഇലവനിൽ നിന്ന് പോലും പുറത്തായ പൃഥ്വി ഷാ, പിന്നീട് ഇന്ത്യയിൽ വെച്ചു നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെക്കുകയും ടൂർണമെന്റിലെ ടോപ്‌സ്കോററാവുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പതിനാലാം എഡിഷൻ ഐപിഎല്ലിന്റെ ആദ്യ പാദ മത്സരങ്ങളിലും തകർപ്പൻ ഫോമിലായിരുന്നു ഷാ കളിച്ചത്.