SHARE

ഇന്ത്യക്കെതിരെ നടന്നു കൊ‌ണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡ് ഒരു സ്പിന്നറെ പോലും ടീമിലുൾപ്പെടുത്താതെ കളിക്കുന്നതിൽ താൻ നിരാശനാണെന്ന് ഓസീസ്‌ സ്പിൻ ഇതിഹാസം ഷെയിൻ വോൺ.‌ മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ കളി നടന്നു കൊണ്ടിരിക്കുന്നതിനിടെ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു വോൺ ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസിലൻഡ് ഒരു സ്പിന്നറെ പോലും ടീമിലുൾപ്പെടുത്താതെ കളിക്കുന്നതിലുള്ള നിരാശ പ്രകടിപ്പിക്കുന്ന വോൺ, പന്ത് സ്പിൻ ചെയ്യുകയും, ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 275-300 റൺസ് നേടുകയും ചെയ്താൽ അവരുടെ കൈയ്യിലാകും മത്സരത്തിന്റെ നിയന്ത്രണമെന്നും കൂട്ടിച്ചേർത്തു.

അതേ സമയം സതാംപ്ടണിലെ മൂടിക്കെട്ടിയ അന്തരീക്ഷവും, മഴ സാധ്യതയുള്ള കാലാവസ്ഥയും കണക്കിലെടുത്ത് പേസർമാരെ മാത്രമാണ് ന്യൂസിലൻഡ് തങ്ങളുടെ ബോളിംഗ് ലൈനപ്പിൽ ഉൾപ്പെടുത്തിയത്. ട്രെന്റ് ബോൾട്ട്, ടിം സൗത്തി, നീൽവാഗ്നർ, കൈൽ ജാമിസൺ എന്നീ‌ സ്റ്റാർ പേസർമാരാണ് മത്സരത്തിനുള്ള കിവീസ് നിരയിൽ ഇടം പിടിച്ചത്. അതേ സമയം ഇന്ത്യയാകട്ടെ മൂന്ന് പേസർമാരും, രണ്ട് സ്പിന്നർമാരുമായാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരിനിറങ്ങിയിരിക്കുന്നത്. ഇഷാന്ത്, ബുംറ, ഷാമി എന്നിവർ പേസ് നിരയിലെത്തിയപ്പോൾ ജഡേജയും, അശ്വിനുമാണ് സ്പിൻ നിരയിൽ അണിനിരക്കുന്നത്.