SHARE

ന്യൂസിലൻഡിനെതിരെ നടന്നു കൊ‌ണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം ദിനം ഇന്ത്യയുടെ ബോളിംഗ് ഓപ്പൺ ചെയ്തത് വലം കൈയ്യൻ പേസർ ജസ്പ്രിത് ബുംറയായിരുന്നു. മോശമല്ലാത്ത ആദ്യ ഓവറായിരുന്നു ഇന്ത്യൻ സ്റ്റാർ പേസർ എറിഞ്ഞതും. എന്നാൽ അഞ്ചാം ദിവസത്തെ ആദ്യ ഓവറിൽത്തന്നെ താരം വാർത്തകളിൽ ഇടം പിടിച്ചു. അതിന് കാരണം അദ്ദേഹം ധരിച്ചിരുന്ന ജേഴ്സിയായിരുന്നു‌.

സാധാരണ ടീമുകളുടെ ജേഴ്സിയിൽ‌ സ്പോൺസർമാരുടെ പേരാണ് നടുക്ക് എഴുതുന്നത്. എന്നാൽ ഐസിസി ടൂർണമെന്റുകളിൽ സ്പോൺസർമാർക്ക് പകരം രാജ്യത്തിന്റെ പേരുകളാണ് ജേഴ്സിയിൽ എഴുതേണ്ടത്. ഐസിസി നടത്തുന്ന മത്സരങ്ങളിൽ സ്പോൺസർമാരുടെ പേര് ജേഴ്സിയുടെ കൈ വശത്ത് എഴുതാനേ കഴിയൂ.

ബുംറയാകട്ടെ ഇത് മറന്നു കൊണ്ട് സ്പോൺസർമാരായ എം പി എല്ലിന്റെ പേര് നടുക്ക് പ്രിന്റ് ചെയ്ത ജേഴ്സി ധരിച്ചു കൊണ്ടാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിനം കളിക്കാനിറങ്ങിയത്. പിന്നീട് അബദ്ധം മനസിലാക്കിയ താരം ആദ്യ ഓവറിന് ശേഷം ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങുകയും തുടർന്ന് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായി ഇന്ത്യ തയ്യാറാക്കിയ പ്രത്യേക ജേഴ്സിയണിഞ്ഞ് കളിക്കളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു‌.