SHARE

ശനിയാഴ്ച ടോഗോയ്ക്കെതിരെ സൗഹൃദ മത്സരം നടക്കാനിരിക്കെ, മുൻ നായകനും സൂപ്പർ താരവുമായി യാ യാ ടുറെയെക്കുറിച്ച് വിവരമൊന്നുമില്ലാതെ ഐവറി കോസ്റ്റ് ദേശീയ ടീം. 2015-ൽ ടീമിനെ ആഫ്രിക്കൻ നേഷൻസ് കപ്പ് വിജയത്തിന് ശേഷം വിരമിച്ച ടുറേ, അടുത്തിടെയാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ഐവറി കോസ്റ്റ് ടീം തന്നെയാണ് ടുറേ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ലെന്ന് അറിയിച്ചത്.

ദേശീയ ടീമിനൊപ്പം ചേരാൻ ആ​ഗ്രഹമുണ്ടെന്ന് കഴിഞ്ഞ ഡിസംബറിലാണ് ടുറേ വീണ്ടും അറിയിച്ചത്. ഇതോടെയാണ് രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലേക്ക് മാഞ്ചസ്റ്റർ സിറ്റി താരമായ ടുറേയെ ഉൾപ്പെടുത്തിയത്. എന്നാൽ ചൊവ്വാഴ്ച ടീം പരിശീലനത്തിനായി എത്തിയപ്പോൾ ടുറേ ഇല്ലായിരുന്നു. ഇതോടെ ഐവറി കോസ്റ്റ് ഫുട്ബോൾ ഫെഡറേഷന്റെ ഔ​ദ്യോ​ഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചു.
ഐവറി കോസ്റ്റിനായി നൂറിലേറെ മത്സരങ്ങൾ കളിച്ച താരമാണ് 34-കാരനായ യാ യാ ടുറേ.

നാല് തവണ തുടർച്ചയായി ആഫ്രിക്കയിലെ മികച്ച കളിക്കാരനായി താരം തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ബാഴ്സലോണയിലും താരം കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട നേട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ച ടുറേയെ, പെപ് ​ഗ്വാർഡിയോള പരിശീലകനായതോടെ ടീമിൽ നിന്ന് തഴഞ്ഞു. ഈ സീസണിൽ ഇതുവരെ 13 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്.