SHARE

ഇന്ത്യൻ വംശജനായ ഇം​ഗ്ലീഷ് താരം യാൻ ദൻഡ ഇനി സ്കോട്ലൻഡിൽ പന്ത് തട്ടും. സ്കോട്ലൻഡിലെ ഒന്നാം ഡിവിഷൻ ക്ലബായ റോസ് കൗണ്ടിക്ക് വേണ്ടിയാകും ഈ യുവതാരം ഇനി ബൂട്ടുകെട്ടുക. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമെത്തി.

23-കാരനായ യാൻ അറ്റാക്കിങ് മിഡ്ഫീഡറായും വിങ്ങറായും കളിക്കുന്ന താരമാണ്. ഇം​ഗ്ലണ്ടിലെ ബിർമിങ്ങാമിൽ ജനിച്ച യാനിന്റെ പിതാവ് ഇന്ത്യൻ വംശജനാണ്. കഴിഞ്ഞ നാല് സീസണുകളായി ഇം​ഗ്ലണ്ടിലെ രണ്ടാം ഡിവിഷനായി ചാമ്പ്യൻഷിപ്പിൽ സൂപ്പർക്ലബ് സ്വാൻസി സിറ്റിക്കായാണ് യാൻ കളിച്ചത്. 50-ലേറെ മത്സരങ്ങൾ സ്വാൻസി ജേഴ്സിയിൽ കളിച്ച താരമിപ്പോൾ രണ്ട് വർഷത്തെ കരാറിലാണ് റോസ് കൗണ്ടിയുടെ ഭാ​ഗമാകുന്നത്.

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ലിവർപൂളിന്റെ അക്കാദമി താരമായിരുന്നു യാൻ. 2013 മുതൽ അഞ്ച് വർഷം ചെമ്പടയുടെ യൂത്ത് ടീമിൽ യാൻ കളിച്ചു. 2017-18 സീസണിലെ യൂത്ത് പ്രീമിയർ ലീ​ഗിൽ ലിവർപൂളിനായി മികച്ച പ്രകടനം യാൻ നടത്തിയിരുന്നു. ഇം​ഗ്ലണ്ടിന്റെ അണ്ടർ 16,17 ടീമുകളിലും യാൻ കളിച്ചിട്ടുണ്ട്.