SHARE

വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടി മുംബൈയുടെ പതിനേഴുവയസുകാരൻ ഓപ്പണർ യാശ്വസി ജൈസ്വാൾ. ഇന്ന് ജാർഖണ്ടിനെതിരെ നടന്ന മത്സരത്തിലായിരുന്നു കൗമാര ഓപ്പണറുടെ തട്ടു പൊളിപ്പൻ ഇന്നിംഗ്സ്. ഈ മത്സരത്തോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളികാരനെന്ന റെക്കോർഡും യാശ്വസി സ്വന്തമാക്കി.

ജാർഖണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത യാശ്വസി ജൈജൈസ്വാൾ തുടക്കം മുതൽ ആഞ്ഞടിച്ചു. മുംബൈ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ പുറത്താകുന്നതിന് മുൻപ് 154 പന്തുകളിൽ 17 ബൗണ്ടറികളും, 12 സിക്സറുകളുമടക്കം 203 റൺസാണ് താരം നേടിയത്. കൗമാര താരത്തിന്റെ ബാറ്റിംഗ് മികവിൽ നിശ്ചിത 50 ഓവറിൽ 358/3 എന്ന പടുകൂറ്റൻസ്കോർ നേടിയ മുംബൈ, പിന്നീട് ജാർഖണ്ടിനെ 319 റൺസിൽ പുറത്താക്കി 39 റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

ഈ ഇരട്ട സെഞ്ചുറിയോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും യാശ്വസിക്ക് സ്വന്തമായി. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്, രോഹിത് ശർമ്മ (3 തവണ), ശിഖാർ ധവാൻ, കെ വി കൗശൽ, സഞ്ജു സാംസൺ തുടങ്ങിയവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ. ഇതിൽ കഴിഞ്ഞയാഴ്ച ഗോവയ്ക്കെതിരെ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിലായിരുന്നു സഞ്ജുവിന്റെ ഇരട്ട സെഞ്ചുറി പിറന്നത്.