SHARE

ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തിനിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് എല്‍ക്കോ ഷട്ടോരിക്ക് മഞ്ഞക്കാര്‍ഡും കിട്ടി. ആദ്യപകുതിയില്‍ സഹല്‍ അബ്ദുള്‍ സമദിനെ ഒഡീഷ ബോക്‌സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി അനുവദിക്കാതിരുന്നതാണ് അദേഹത്തെ പ്രകോപിപ്പിച്ചത്. പെനാല്‍റ്റിയാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായെങ്കിലും റഫറി പക്ഷേ അനുവദിച്ചില്ല.

ആദ്യപകുതിയുടെ ഇടവേളയില്‍ റഫറിയുടെ അടുത്തെത്തിയ ഷട്ടോരി ദേഷ്യത്തോടെ സംസാരിക്കുകയും ചെയ്തു. ഷട്ടോരിക്ക് മഞ്ഞക്കാര്‍ഡ് നല്കിയാണ് റഫറി രാമസ്വാമി ശ്രീകൃഷ്ണ പ്രതികരിച്ചത്. മത്സരശേഷം എതിര്‍താരങ്ങള്‍ക്കും മറ്റു റഫറിമാര്‍ക്കും ഷട്ടോരി ഷേക്ഹാന്‍ഡ് നല്കിയെങ്കിലും പ്രധാന റഫറിയെ അദേഹം ഗൗനിച്ചേയില്ല.

മത്സരശേഷം തന്റെ താരങ്ങളെ കെട്ടിപ്പിടിച്ചും നെറ്റിയില്‍ ചുംബിച്ചും ഷട്ടോരി താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്കാനും ശ്രദ്ധിച്ചു. പരിക്കുമൂലം വലയുന്ന ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം കളിക്കാര്‍ക്കൊപ്പം നില്ക്കുന്ന കോച്ചിനെ ലഭിച്ചുവെന്ന് പറയാം. പത്രസമ്മേളനത്തിലും കളിക്കാരെ കുറ്റപ്പെടുത്താന്‍ കോച്ച് തയാറായില്ല.