SHARE

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട താരമാണ് യൂസഫ് പത്താൻ. ഒരു കാലത്ത് ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമായിരുന്ന താരം പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി ടീമിന് പുറത്താണ്. കളത്തിനകത്തും പുറത്തും ഈ കഴിഞ്ഞ കാലത്തായി നിരവധി തിരിച്ചടികൾ നേരിട്ട പത്താന് കഴിഞ്ഞ അഭ്യന്തര സീസണിനിടെ ഡോപ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിലക്കും ലഭിച്ചിരുന്നു.

എന്നാൽ ഇത്തവണത്തെ രഞ്ജി സീസണിൽ രണ്ടും കല്പിച്ചാണ് താരം കളിക്കാനിറങ്ങിയിരിക്കുന്നത്. രഞ്ജിയിൽ ബറോഡയുടെ താരമായ പത്താൻ, സീസണിലെ ആദ്യ മത്സരത്തിൽ ത്തന്നെ അത് തെളിയിച്ചു. ഈ വർഷത്തെ രഞ്ജി ട്രോഫിയിലെ ആദ്യ പോരാട്ടത്തിൽ ഗുജറാത്തുമായാണ് ബറോഡ കളിക്കുന്നത്. മത്സരത്തിന്റെ ആദ്യ ദിനമായ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് വേണ്ടി ആറാമനായാണ് യൂസഫ് ക്രീസിലെത്തിയത്.

തുടക്കം മുതൽ അതിവേഗം സ്കോർ ചെയ്ത യൂസഫ് പത്താൻ മത്സരത്തിൽ പീയൂഷ് ചൗളയുടെ പന്തിൽ പാർത്ഥിവ് പട്ടേലിന് ക്യാച്ച് നൽകി പുറത്താകുന്നതിന് മുന്നേ അടിച്ച് കൂട്ടിയത് 65 പന്തിൽ 69 റൺസ്. 10 ബൗണ്ടറികളും, 3 കൂറ്റൻ സിക്സറുകളുമടക്കമാണ് പത്താന്റെ ഗംഭീര തിരിച്ചുവരവ്. കഴിഞ്ഞ കുറച്ച് നാളുകളായി പത്താന്റെ മികച്ച പ്രകടനം കാത്തിരുന്ന ആരാധകർക്ക് വലിയ ആവേശമാണ് യൂസഫിന്റെ ഈ ഫോമിലേക്കുള്ള വരവ് സമ്മാനിച്ചിരിക്കുന്നത്.