SHARE

കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി20 മത്സരത്തിനിടെ വാര്‍ത്തകളില്‍ താരമായി യുവരാജ് സിംഗ്. ശനിയാഴ്ച നടന്ന മത്സരം മഴമുടക്കിയതോടെയാണ് എഡ്മന്റോണ്‍ റോയല്‍സ് താരം ബെന്‍ കട്ടിങിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ചാനല്‍ അവതാരക എറിന്‍ ഹോളണ്ട് എത്തിയത്. എറിന്‍ ഹോളണ്ട് കട്ടിങിന്റെ കാമുകിയാണ് എന്നതാണ് മറ്റൊരു കാര്യം. കാമുകി കാമുകനെ ഇന്റര്‍വ്യു ചെയ്യുന്നത് കണ്ട യുവരാജ് അഭിമുഖത്തിനിടയ്ക്ക് കയറി.

നിങ്ങളുടെ വിവാഹമെന്നാണ് എന്നു ചോദിച്ച ശേഷം സമയം പോകുന്നു എന്ന് ഉപദേശിക്കുകയും ചെയ്തു. ഇതോടെ അഭിമുഖം കൂട്ടച്ചിരിയിലെത്തി. യുവിയുടെ ഇടയ്ക്കു കയറിയുള്ള ചോദ്യവും തുടര്‍ന്നുള്ള രംഗങ്ങളുടേയും വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ശനിയാഴ്ച യുവരാജ് ക്യാപ്റ്റനായുള്ള ടെറന്റോ നാഷനല്‍സും എഡ്മന്റോണ്‍ റോയല്‍സും തമ്മിലായിരുന്നു പോരാട്ടം. മത്സരത്തില്‍ യുവരാജിന്റെ ടീം രണ്ട് വിക്കറ്റിനു വിജയിച്ചിരുന്നു. കട്ടിങും യുവരാജും മുന്‍പ് മുംബൈ ഇന്‍ഡ്യന്‍സില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്.