SHARE

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് യുവരാജ്‌സിംഗ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ നിർണായക പങ്ക്‌ വഹിച്ച യുവി, കഴിഞ്ഞ വർഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലേയും ഏറ്റവും ആഘോഷിക്കപ്പെട്ട താരങ്ങളിലൊരാളായ യുവി 6 വ്യത്യസ്ത ടീമുകൾക്ക് വേണ്ടി ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്.

2008 മുതൽ 2010 വരെ തന്റെ സ്വന്തംനാട്ടിൽ നിന്നുള്ള ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ നായകനായിരുന്നു‌ യുവി. 2011 ൽ പഞ്ചാബ് ടീംവിട്ട യുവി, 2018 സീസണിൽ ൽ ഒരിക്കൽക്കൂടി കിംഗ്സ് ഇലവനിലേക്ക് തിരിച്ചെത്തി. ഇപ്പോളിതാ പഞ്ചാബ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹം. കിംഗ്സ് ഇലവനിൽ കളിച്ച് കൊണ്ടിരുന്നപ്പോൾ ടീമിന്റെ നടത്തിപ്പിൽ തനിക്ക് താല്പര്യമില്ലായിരുന്നെന്നും, അത് കൊണ്ട് അവിടം വിടാൻ ആഗ്രഹിച്ചിരുന്നുവെന്നുമാണ് യുവി പറയുന്നത്. കഴിഞ്ഞ‌ ദിവസം പ്രസ് ടസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു ‌യുവി ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “കിംഗ്സ് ഇലവൻ പഞ്ചാബ് വിടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അവിടുത്തെ മാനേജ്മെന്റിന് എന്നെ ഇഷ്ടമല്ലായിരുന്നു. ഞാൻ ആവശ്യപ്പെട്ട ഒന്നും തന്നെ അവരെനിക്ക് ചെയ്തു തന്നില്ല. എന്നാൽ ഞാൻ ടീം വിട്ടതിന് ശേഷം ഞാൻ വാങ്ങാൻ ആവശ്യപ്പെട്ടിരുന്ന താരങ്ങളെ അവർ ടീമിലെത്തിച്ചു. പഞ്ചാബിനെ എനിക്ക് ഇഷ്ടമാണ്, എന്നാൽ ഫ്രാഞ്ചൈസിയുടെ നടത്തിപ്പിനോട് എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.” യുവി പറഞ്ഞു നിർത്തി.