SHARE

കഴിഞ്ഞ വർഷം ക്രിക്കറ്റ് കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗിന് ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) കളിക്കാൻ താല്പര്യമെന്ന് സൂചന. താരത്തിന്റെ മാനേജറായ ജേസൺ വോൺ ആണ് ഇപ്പോൾ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. അതേ സമയം യുവരാജിന് ബിബിഎൽ കളിക്കാൻ താല്പര്യമുണ്ടെങ്കിലും വിദേശ ലീഗുകളിൽ ഇന്ത്യൻ താരങ്ങളെ കളിക്കാൻ അനുവദിക്കില്ലെന്ന ബിസിസിഐ നയം താരത്തിന്റെ ആഗ്രഹത്തിന് തിരിച്ചടി നൽകുമോ എന്നതിലാണ് സംശയം.

ഇന്ത്യൻ താരങ്ങൾ ബിഗ് ബാഷ് ലീഗിൽ കളിക്കാനെത്തിയാൽ ലീഗിന്റെ വളർച്ചയിലും അത് നിർണായകമാകുമെന്ന് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയിൻ വാട്സൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.‌ ഇതിന് പിന്നാലെയാണ് അവിടെ കളിക്കാനുള്ള യുവിയുടെ ആഗ്രഹം പുറത്ത് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഓസ്ട്രേലിയൻ ടി20 ലീഗിൽ കളിക്കാനുള്ള യുവിയുടെ താല്പര്യത്തോട് ബിസിസിഐ എങ്ങനെയാകും പ്രതികരിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് നിലവിൽ ക്രിക്കറ്റ് പ്രേമികൾ.

അതേ സമയം ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുവദിക്കാറില്ലെങ്കിലുംയുവരാജിന്റെ കാര്യത്തിൽ മുൻപ് അവർ ചില വിട്ടു വീഴ്ചകൾക്ക് തയ്യാറായിട്ടുണ്ട്. ഇത് കൊണ്ടു‌ തന്നെ വിരമിച്ചതിന് ശേഷം കാനഡയിൽ നടന്ന ഗ്ലോബൽ ടി20 കാനഡയും, അബുദാബിയിൽ നടന്ന ടി10 ലീഗിലും കളിക്കാൻ യുവിക്ക് കഴിഞ്ഞിരുന്നു.