SHARE

കഴിഞ്ഞയിടയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ഇതിഹാസ താരംയുവരാജ് സിംഗ്, ഇന്നലെ ആരംഭിച്ച ഗ്ലോബൽ ടി20 കാനഡയിലൂടെ വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയിരുന്നു. തിരിച്ചുവരവ് മത്സരത്തിൽ ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയ താരം കളിയിൽ പുറത്തായതും നാടകീയമായ രീതിയിലായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നാഷണൽസിന് വേണ്ടി നാലാമനായാണ് യുവി ബാറ്റ് ചെയ്യാനെത്തിയത്. തന്റെ ഫോമിന്റെ ഏഴയലത്തൊന്നുമില്ലാതിരുന്ന താരം ബാറ്റ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടി‌. ദയനീയമായി ബാറ്റ് ചെയ്ത യുവി 27 പന്തിൽ 14 റൺസെടുത്ത് നിൽക്കെയായിരുന്നു അദ്ദേഹത്തിന്റെ നാടകീയ പുറത്താകൽ.

ടൊറന്റോ ഇന്നിംഗ്സിന്റെ പതിനേഴാം ഓവറിലായിരുന്നു ഈ വിക്കറ്റ്. സ്പിന്നർ ചീമയെറിഞ്ഞ ഓവറിലെ രണ്ടാം പന്ത് യുവരാജിന്റെ ബാറ്റിൽ തട്ടി പിന്നിലേക്ക് പോയെങ്കിലും ക്യാച്ച് പിടിക്കാൻ വിക്കറ്റ് കീപ്പർക്കായില്ല‌. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് പന്ത് നേരെ സ്റ്റമ്പിലേക്ക് വീണു. ഈ സമയം യുവി ക്രീസിൽത്തന്നെ ഉണ്ടായിരുന്നു. എന്നാൽ സ്ക്വയർ ലെഗ് അമ്പയർ ഉടൻ തന്നെ അത് സ്റ്റമ്പ് ഔട്ടെന്ന് വിധിയെഴുതുകയായിരുന്നു. ഈ സമയം യുവിയും ക്രീസ് വിട്ടു. തുടർന്ന് ഈ പന്തിന്റെ റീപ്ലേകൾ കാണിക്കുമ്പോളേക്ക് ‌യുവി ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് നടന്നിരുന്നു. അങ്ങനെ കാനഡ ടി20 ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ അമ്പയറിംഗ് പിഴവിലൂടെ യുവിക്ക് വിക്കറ്റ് നഷ്ടമായി.