SHARE

ഈ വർഷത്തെ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ് അപമാനിക്കപ്പെട്ടുവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലേലത്തിൽ അർഹിക്കുന്ന ബഹുമാനമോ, പണമോ ഒന്നും യുവിക്ക്‌ കിട്ടിയില്ലെന്നും വളരെ നിരാശാജനകമായ കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ‌ദിവസം നവ്ഭാരത് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്റെ തുറന്ന് പറച്ചിൽ.

“യുവരാജിന് അല്പം പോലും ബഹുമാനമോ, അർഹിക്കുന്ന പണമോ ലേലത്തിൽ നിന്ന് ലഭിച്ചില്ല. വളരെ കുറവ് പണമാണ് അദ്ദേഹത്തിന് ലേലത്തിൽ കിട്ടിയത്.” അഭിമുഖത്തിനിടെ ഗംഭീർ പറഞ്ഞു. അതേ സമയം താരലേലത്തിന്റെ ആദ്യ ഘട്ടത്തിൽ ആവശ്യക്കാരില്ലാതിരുന്നതിനാൽ യുവി വിൽക്കപ്പെടാതെ പോയിരുന്നു. ആദ്യ ഘട്ട ലേലത്തിൽ വിൽക്കപ്പെടാതെ പോയ താരങ്ങളെ രണ്ടാംഘട്ടത്തിൽവീണ്ടും പരിഗണിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് യുവിയെ സ്വന്തമാക്കുകയായിരുന്നു. ഐപിഎൽ ലേലങ്ങളിൽ വൻ തുക മാത്രം കണ്ട് ശീലിച്ച യുവിയെ അടിസ്ഥാന വിലയായ ഒരു കോടി രൂപ നൽകിയായിരുന്നു ഇത്തവണ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.