SHARE

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ താരലേലത്തിൽ യുവരാജിനെ സ്വന്തമാക്കിയതോടെ മുംബൈ ഇന്ത്യൻസിന്റെ ബ്രാൻഡ് വാല്യൂ കുതിച്ചുയരുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റർമാരിലൊരാളായ യുവിയെ ടീമിലെത്തിച്ചത് വഴി അടുത്ത സീസണിൽ മുംബൈയുടെ ആരാധകക്കണക്കിലും വൻ വർധനയുണ്ടാകുമെന്നാണ് സൂചന. താരത്തിന്റെ വരവ് അടുത്ത സീസണിൽ മുംബൈയുടെ സമ്പാദ്യവും വർധിപ്പിക്കും. ഇൻസൈഡ് സ്പോർട്സാണ് ഈ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ തന്നെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബ്രാൻഡ് വാല്യൂ ഉള്ള ടീമുകളിൽ മുൻ പന്തിയിലായിരുന്നു മുംബൈ. യുവരാജ്‌സിംഗ് കൂടി എത്തുന്നതോടെ ടീമിന്റെ മീഡിയ, കൊമേഴ്സ്യൽ മൂല്യവും ഉയരും. ടീമിന് നേരത്തെയുണ്ടായിരുന്നതിലും വലിയ സ്പോൺസർഷിപ്പുകൾലഭിക്കാനും ഇത് കാരണമാകും. ചുരുക്കംപറഞ്ഞാൽ യുവിയെ ലേലത്തിൽ നിന്ന് ലഭിച്ചത് മുംബൈ ഇന്ത്യൻസിന്‌ വമ്പൻ ബോണസാകും.

നേരത്തെ ആദ്യ ഘട്ടലേലത്തിൽ തഴയപ്പെട്ടിരുന്ന യുവിയെ അവസാന റൗണ്ടിൽ വീണ്ടും ലേലത്തിന് വെച്ചപ്പോളായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ഇടപെടൽ. അടിസ്ഥാന വിലയായ ഒരു കോടി രൂപ നൽകി യുവിയെ വാങ്ങാൻ മുംബൈ ഇന്ത്യൻസ് മുന്നോട്ട് വരികയും, താരം മുംബൈയിലെത്തുകയുമായിരുന്നു.