SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരം ഇന്ന് റാഞ്ചിയിൽ നടക്കാനിരിക്കേ തലേദിവസമായ ഇന്നലെ കഠിന പരിശീലനത്തിലായിരുന്നു ഇന്ത്യ. ദീർഘനേരം നെറ്റ്സിലും അല്ലാതെയും പരിശീലനം നടത്തിയ ഇന്ത്യൻ താരങ്ങൾ ഫീൽഡിംഗ് പരിശീലനത്തിനായും വളരെയധികം സമയം ചിലവഴിച്ചു. എന്നാൽ ടീമിന്റെ ഇന്നലത്തെ പരിശീലനത്തിൽ ഏറ്റവും ശ്രദ്ധേയമായത് താരങ്ങൾ തമ്മിലുള്ള സിക്സടി മത്സരമായിരുന്നു.

ഇന്ത്യൻ സൂപ്പർ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ഈ സിക്സടി മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് പേരും മാറി മാറി കൂറ്റൻസിക്സറുകൾ പറത്തവെ ഒരു അപ്രതീക്ഷിത താരം കൂടി ഈ സിക്സടി മത്സരത്തിൽ പങ്കെടുക്കാനെത്തി. മറ്റാരുമല്ല, ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലായിരുന്നു അത്. ബാറ്റിംഗിനോടുള്ള തന്റെ സ്നേഹം സമീപകാലത്ത് പല തവണ വെളിപ്പെടുത്തിയിട്ടുള്ള ചഹലും വലിയ ഷോട്ടിലൂടെ താരമായി. പക്ഷേ സിക്സടി മത്സരത്തിലെ ശരിക്കുമുള്ള വിജയി, നേരിട്ട പന്തുകളെല്ലാം കൂറ്റൻ സിക്സറിന് പറത്തിയ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് ബിസിസിഐ പുറത്ത് വിട്ട വീഡിയോയിൽ വ്യക്തമാണ്.