SHARE
സബലേറ്റ(4)

വിഖ്യാത അർജന്റൈൻ ഫുട്ബോൾ താരം പാബ്ലോ സബലേറ്റ കളിക്കളത്തോട് വിടപറഞ്ഞു. ട്വിറ്ററിലൂടെ സബലേറ്റ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റൈറ്റ് ബാക്കായ സബലേറ്റ 18 വർഷം നീണ്ട കരിയറിനാണ് വിരാമമിട്ടത്.

കഴിഞ്ഞ മുന്ന് സീസണുകളായി പ്രീമിയർ ലീ​ഗ് ക്ലബ് വെസ്റ്റ് ഹാമിനായാണ് സബലേറ്റ കളിച്ചിരുന്നത്. ഇക്കുറി ജൂണിൽ സബലേറ്റ ക്ലബ് വിട്ടിരുന്നു. തുടർന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കളിക്കളത്തോട് വിടപറയുന്നതായി ഈ 35-കാരൻ അറിയിച്ചത്. 2008 മുതൽ ഒമ്പത് സീസൺ മാഞ്ചസ്റ്റർ സിറ്റിക്കായി കളിച്ചാണ് സബലേറ്റ ശ്രദ്ധനേടിയത്. തുടർന്നാണ് വെസ്റ്റ് ഹാമിലേക്കുള്ള കൂടുമാറ്റം. പ്രീമിയർ ലീ​​ഗിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ അർജന്റൈൻ താരവും സബലേറ്റയാണ്.

2005-ൽ അർജന്റീനയ്ക്കായി അരങ്ങേറിയ സബലേറ്റ 58 മത്സരങ്ങളിൽ ​ദേശീയ ജേഴ്സിയണിഞ്ഞു. 2014 ലോകകപ്പിൽ ഫൈനലിലെത്തിയ അർജന്റൈൻ ടീമിലെ പ്രധാന സാന്നിധ്യമായിരുന്നു സബലേറ്റ.