SHARE

ഈ സീസൺ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ ഒരു കോടി രൂപ മുടക്കിയായിരുന്നു മുംബൈ ഇന്ത്യൻസ്, യുവരാജ് സിംഗിനെ ടീമിലെത്തിച്ചത്. ആദ്യ ഘട്ട ലേലത്തിൽ ആവശ്യക്കാരില്ലാതിരുന്ന യുവിയെ ലേലത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു മുംബൈ സ്വന്തമാക്കിയത്. പന്ത്രണ്ടാം എഡിഷൻ ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ യുവരാജിനെ മുംബൈ ഇത്തവണ‌ സ്വന്തമാക്കിയത് എന്ത് കൊണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറായ സഹീർ ഖാൻ.

യുവിയുടെ വരവ് ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ പ്രകടത്തിൽ നിർണായക സ്വാധീനമുണ്ടാക്കും എന്നാണ് സഹീറിന്റെ വിലയിരുത്തൽ. മത്സരം ജയിപ്പിക്കാനുള്ള യുവിയുടെ മികവാണ് അദ്ദേഹത്തെ ടീമിലെത്തിക്കാൻ കാരണമെന്ന് പറയുന്ന സഹീർ ഇങ്ങനെ കൂട്ടിച്ചേർത്തു, ” ലേലത്തിന് മുൻപുള്ള ചർച്ചകളിൽ ഞങ്ങൾ തീരുമാനിച്ചിരുന്ന കാര്യമാണ്, മധ്യനിരയിൽ മത്സരം നിയന്ത്രിക്കാൻ കഴിവുള്ള പരിചയസമ്പന്നനായ താരം വേണമെന്നത്. രോഹിത് ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു. അത് കൊണ്ടു തന്നെ മധ്യനിരയിൽ യുവിയുടെ പ്രകടനം ഇത്തവണ വളരെ പ്രധാനമാണ്.” സഹീർ പറഞ്ഞുനിർത്തി.