SHARE

റഫറിക്കെതിരെ പന്തെടുത്തെറിഞ്ഞതിന് കേരളാ ബ്ലാസ്റ്റേഴ്സ് താരം സക്കീർ മുണ്ടമ്പാറയെ ആറ് മാസം വിലക്കിയ ശിക്ഷാനടപടി ഇളവ് ചെയ്ത് എ ഐ എഫ് എഫ്. കഴിഞ്ഞ ദിവസം ചേർന്ന എ ഐ എഫ് എഫിന്റെ അച്ചടക്ക‌സമിതിയാണ് ആറ് മാസ വിലക്കെന്നത് ആറ് മത്സരങ്ങളിലേക്ക് ചുരുക്കിയത്. ഇതോടെ താരത്തിന് ഇക്കുറി ഹീറോ സൂപ്പർ കപ്പിലും കളിക്കാനാകും. സൂപ്പർ കപ്പിന് മുൻപ് ബ്ലാസ്റ്റേഴ്സിന് വലിയ ആശ്വാസം നൽകുന്ന വാർത്തയാണിത്.

ഇക്കഴിഞ്ഞ ഡിസംബർ പതിനാറിന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിലായിരുന്നു സക്കീറിനെ വിലക്കിലേക്ക് നയിച്ച വിവാദ സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ മുംബൈ താരം റാഫേൽ ബാസ്റ്റോസിനെ ഫൗൾ ചെയ്ത സക്കീറിനെതിരെ റഫറി രണ്ടാം മഞ്ഞക്കാർഡും, ചുവപ്പ് കാർഡും നൽകി. ഇതിൽ കലിപൂണ്ട സക്കീർ, റഫറി ഉമേഷ് ബോറയുടെ മുഖത്തേക്ക് പന്തെറിയുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സ് കളിച്ച 6 മത്സരങ്ങളിലും കളിക്കാൻ സക്കീറിന് കഴിഞ്ഞിരുന്നില്ല. വിലക്ക് 6 മത്സരങ്ങളിലേക്ക്‌ ചുരുക്കിയതോടെ സക്കീറിന്റെ വിലക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ സൂപ്പർ കപ്പിന് മുൻപ് താരം ടീമിലേക്ക് തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന് നല്ല വാർത്തയാണ്. മധ്യനിരയിലെ സക്കീറിന്റെ പ്രകടനം സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സിന് നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.