SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ​ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മഡ്രിഡ് പുറത്തായാൽ തന്റെ പരിശീലകസ്ഥാനം തെറിച്ചേക്കുമെന്ന് സിനദിൻ സിദാൻ. ഇന്ന് ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷിനെതിരെ നടക്കുന്ന നിർണായകപോരട്ടത്തിന് മുമ്പായി മാധ്യമങ്ങളെക്കണ്ടപ്പോഴാണ് സിദാൻ ഇക്കാര്യം പറഞ്ഞത്.

ചാമ്പ്യൻസ് ലീ​ഗിൽ റയൽ ഇതുവരെ ​ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിട്ടില്ല. എന്നാൽ ഇന്ന് ​ഗ്ലാഡ്ബാഷിനെതിരെ വിജയിക്കാനായില്ലെങ്കിൽ ഒരുപക്ഷെ റയൽ ആ ചരിത്രം തിരുത്തും. അങ്ങനെ വന്നാൽ പുറത്താക്കപ്പെടുമോയെന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് സിദാന്റെ മറുപടി ഇങ്ങനെ. ​ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായാൽ, എന്റെ പരിശീലകജോലി പോയലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല, ചെയ്യേണ്ടത് എന്താണെന്ന് ക്ലബിന് അറിയാം അവർ അത് ചെയ്യും, ഞാൻ അതേക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല.

ഇന്ത്യൻ സമയം ഇന്ന് രാത്രി ഒന്നരയ്ക്കാണ് റയലിന്റെ മത്സരം. ഈ മത്സരം തോറ്റാൽ റയൽ ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് പുറത്താകും. അതേസമയം തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ ഷാക്തർ ഡോണറ്റ്സ്കിനെ തോൽപ്പിച്ചാൽ ​ഗ്ലാഡ്ബാഷിനെതിരെ സമനിലയായാൽ പോലും റയലിന് മുന്നേറാം.